വാഷിങ്ടണ്‍: എമ്മി 2025 അവാര്‍ഡ് വേദിയില്‍ ‘ഫ്രീ ഫലസ്തീന്‍’ മുദ്രാവാക്യം മുഴക്കി നടി ഹന്ന ഐന്‍ബിന്‍ഡര്‍. മികച്ച സഹനടിക്കുള്ള അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം വേദിയില്‍ സംസാരിക്കവെയാണ് ഹന്ന തന്റെ ശക്തമായ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയത്.
‘ആര്‍ടിസ്റ്റ് ഫോര്‍ സീസ്ഫയര്‍’ എന്നെഴുതിയ ചുവന്ന കളറിലെ ബാഡ്ജ് അണിഞ്ഞാണ് ഹന്ന പീകോക്ക് തീയേറ്ററിലെ അവാര്‍ഡ്ദാന വേദിയിലേക്ക് എത്തിയത്.
സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിക്കവെയാണ് പെട്ടെന്ന് ‘ഫ്രീ ഫലസ്തീന്‍’ എന്ന് നടി ഉറക്കെ വിളിച്ചുപറഞ്ഞത്.
നടി ഹന്ന ഐന്‍ബിന്‍ഡര്‍
ഇഷ്ടപ്പെട്ട അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിന് വേണ്ടി ചിയര്‍ ചെയ്ത് ഉറക്കെ ആക്രോശിക്കുന്നതിനിടയില്‍ നടി ‘ഫ്രീ ഫലസ്തീന്‍’ എന്നുകൂടി കൂട്ടിച്ചേര്‍ത്തു.
‘ഗോ ബേര്‍ഡ്‌സ്, ഫ്–ഐസ്, ആന്റ് ഫ്രീ ഫലസ്തീന്‍’ എന്ന് ഹന്ന ഫിലാഡെല്‍ഫിയ ഈഗിള്‍സിന്റെ ആരാധകരുടെ ചാന്റിനൊപ്പം ഉറക്കെ വിളിച്ചുപറഞ്ഞു.
അതേസമയം, ഹന്ന ഉപയോഗിച്ച ചിലവാക്കുകള്‍ ബീപ് ചെയ്താണ് സി.ബി.എസ് ചാനല്‍ ഉള്‍പ്പെടയുള്ള പല ടെലിവിഷന്‍ ചാനലുകളും പ്രസംഗം പുറത്തുവിട്ടത്. എന്നാല്‍ ഇതിന്റെ പൂര്‍ണരൂപം ഓണ്‍ലൈനില്‍ ഇതിനോടകം വൈറലായി.
അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയതിന് ശേഷം ഹന്ന തന്റെ പ്രസംഗത്തിന് പിന്നിലെ കാരണങ്ങളും വ്യക്തമാക്കി. ഫലസ്തീനെ കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് നടി വിശദീകരിച്ചു. ഒരു ജൂതയെന്ന നിലയില്‍ ഇക്കാര്യം സംസാരിക്കേണ്ടത് തന്റെ കടമയാണെന്നും ഇസ്രഈല്‍ എന്ന രാഷ്ട്രത്തെ ജൂതനെന്ന വംശത്തില്‍ നിന്നും വേര്‍തിരിച്ചറിയേണ്ടതുണ്ടെന്നും നടി പറഞ്ഞു.
‘പലസ്തീനെക്കുറിച്ച് സംസാരിക്കേണ്ടത് സുപ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. കാരണം അത് ഞാനുമായി വളരെ അടുത്തുനില്‍ക്കുന്ന ഒരു വിഷയമാണ്. ഗാസയില്‍ മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളുണ്ടെനിക്ക്. ഗര്‍ഭിണികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും വേണ്ടി പ്രവൃത്തിക്കുന്നവരും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി പ്രവൃത്തിക്കുന്നവരും ഡോക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവരുമൊക്കെയാണ് അവര്‍. അങ്ങനെ പല കാരണങ്ങളാല്‍ എന്റെ ഹൃദയത്തോട് വളരെ അടുത്തുനില്‍ക്കുന്ന ഒരു വിഷയമാണ് ഫലസ്തീന്‍’, ഹന്ന പറഞ്ഞു.
‘ജൂതയായ വ്യക്തി എന്ന നിലയില്‍ ഇസ്രഈല്‍ രാഷ്ട്രത്തില്‍ നിന്ന് ജൂതന്മാരെ വേര്‍തിരിച്ചറിയേണ്ടത് എന്റെ കടമയാണെന്നെനിക്ക് തോന്നുന്നു, കാരണം മതവും സംസ്‌കാരവും വളരെ പ്രധാനപ്പെട്ടതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്, ഇത് വംശീയ-ദേശീയ രാഷ്ട്രത്തില്‍ നിന്ന് ശരിക്കും വ്യത്യസ്തമാണ്’, ഹന്ന വിശദീകരിച്ചു.
എവ ഡാനിയല്‍സ് സംവിധാനം ചെയ്ത ‘ഹാക്ക്‌സ്’ എന്ന സീരീസിലെ അഭിനയത്തിനാണ് ഹന്നയ്ക്ക് അവാര്‍ഡ് ലഭിച്ചത്. മൂന്നാം സീസണിലാണ് താരത്തെ തേടി അവാര്‍ഡ് എത്തിയിരിക്കുന്നത്. വംശഹത്യ നടത്തുന്ന ഇസ്രഈലുമായി ബന്ധമുള്ള ഫിലിം കമ്പനികളുമായും സംഘടനകളുമായും സഹകരിക്കില്ലെന്നും അത്തരം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നുമുള്ള പ്രതിജ്ഞയില്‍ ഒപ്പുവെച്ച 4000 ഹോളിവുഡ് കലാകാരന്മാരില്‍ ഒരാള്‍കൂടിയാണ് ഹന്ന ഐന്‍ബിന്‍ഡര്‍.
സീരീസ് ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന എമ്മി അവാര്‍ഡുകള്‍ ലോകമെമ്പാടും പ്രശസ്തമാണ്. ഇത്തവണത്തെ ലിമിറ്റഡ് സീരീസുകളുടെ കാറ്റഗറിയില്‍ ആറ് പുരസ്‌കാരങ്ങള്‍ നേടി കേരളത്തിലടക്കം ചര്‍ച്ചയായ അഡോലസന്‍സ് ഞെട്ടിച്ചിരിക്കുകയാണ്. മികച്ച സീരീസ്, മികച്ച നടന്‍, സഹനടന്‍, സഹനടി, സംവിധാനം, രചന എന്നിങ്ങനെയാണ് അഡോലസന്‍സ് നേടിയ പുരസ്‌കാരങ്ങള്‍. 17ാം വയസില്‍ എമ്മി അവാര്‍ഡ് നേടി ഓവന്‍ കൂപ്പറും ഇത്തവണ എമ്മി ചരിത്രം തിരുത്തി. ഏറ്റവും പ്രായം കുറഞ്ഞ എമ്മി അവാര്‍ഡ് വിജയിയായിരിക്കുകയാണ് ഓവന്‍ കൂപ്പര്‍.
Content Highlight: ‘Free Palestine’, my obligation as a Jew; Actress Hannah Einbinder at the Emmy Awards