തിരുവനന്തപുരം: പത്തുവർഷം മുമ്പുള്ള കേരളമല്ല ഇപ്പോഴുള്ളതെന്നും കേരളം സാമ്പത്തിക അഭിവൃദ്ധിയുടെ ടേക്ക് ഓഫ് ഘട്ടത്തിലാണെന്നും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ.
2026-2027 സംസ്ഥാന ബജറ്റ് അവതരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ പ്ലസ് ടു വരെയുള്ള സൗജന്യ വിദ്യാഭ്യാസം ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉന്നത വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ഈ പദ്ധതി ആശ്വാസമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിരവധി ജനപ്രിയ പദ്ധതികളാണ് ഇന്ന് നിയമസഭയിൽ ധനകാര്യ മന്ത്രി അവതരിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് 400 കോടിയും സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3,720 കോടി രൂപയും കണക്കാക്കിയിട്ടുണ്ടെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.
ഒന്നുമുതൽ 12-ാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കായി 15 കോടി രൂപയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ഉത്പ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിങ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി രൂപ നൽകുമെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി അറിയിച്ചു.
ഇസ്‌ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാനായി മൂന്ന് കോടി രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പന-തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടിയും അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടിയും കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടിയും മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടിയും നൽകും.
ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടിയും അപൂര്‍വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടിയും നൽകും.
റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതിയും ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സയും നൽകും. തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5,217 കോടി രൂപയുടെ കിഫ്ബി പദ്ധതിയും നടപ്പിലാക്കും.
കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകളും വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്. തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ നൽകുമെന്നും ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി രൂപയും ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി രൂപയും നികുതി ദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും 5 കോടിയും നൽകും. കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും നൽകുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും. വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രിട്ടിക്കല്‍ മിനറല്‍ മിഷന് 100 കോടി രൂപയും പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടിയും പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടിയും നൽകും.തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടിയും വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടിയും ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി, പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്, ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിങ് യൂണിറ്റുകള്‍ സ്ഥാപിക്കാൻ 20 കോടിയും നൽകും.
തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി, റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡിക്കായി 30 കോടി, വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി 10 കോടിയും നൽകുമെന്നും മന്ത്രി അറിയിച്ചു.
അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിയ്ക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 50 കോടിരൂപയും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി രൂപയും കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി രൂപയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlight: Free education up to graduation level; Insurance for school students: KN Balagopal in state budget