| Tuesday, 2nd September 2025, 7:21 am

തട്ടിപ്പുകാർക്ക് പുതിയ തന്ത്രങ്ങൾ; എസ്.പിക്ക് വ്യാജ വാട്‌സാപ്പ് അക്കൗണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ പേരിൽ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം.

അന്താരാഷ്ട്ര കോഡായ +977-ൽ ആരംഭിക്കുന്ന ഒരു നമ്പറിൽ നിന്ന് കഴിഞ്ഞയാഴ്ച കൊല്ലം റൂറൽ പൊലീസിലെ ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ പ്രൊഫൈൽ ചിത്രമുപയോഗിച്ച് ഉണ്ടാക്കിയ അക്കൗണ്ടിൽ നിന്ന് പൊലീസുകാർക്കാണ് പണം ആവശ്യപ്പെട്ട് സന്ദേശമെത്തിയത്.

അത്യാവശ്യമായി 40,000 രൂപ വേണമെന്നും ഉടൻ തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ പൊലീസുകാരെ സമീപിച്ചത്.

പണം കൈമാറേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങളും സന്ദേശത്തിൽ നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.

പൊലീസ് ഉടൻ തന്നെ സൈബർസെല്ലിന്റെ സഹായം തേടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 318(4) (വഞ്ചന), 3(5) (പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യം) എന്നീ വകുപ്പുകളും, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66C (വ്യക്തിത്വം മോഷ്ടിക്കൽ), 66D (ഇലക്ട്രോണിക് ഉറവിടങ്ങൾ ഉപയോഗിച്ചുള്ള വഞ്ചന) എന്നീ വകുപ്പുകളും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരിശോധനയിൽ ഈ അക്കൗണ്ട് ഡൽഹിയിലുള്ളതാണെന്ന് കണ്ടെത്തി. സന്ദേശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വാട്‌സാപ്പുമായി ബന്ധപ്പെട്ടിരിക്കുകയാണ് പൊലീസ്. പോലീസുകാരോട് ന്യൂഡൽഹിയിലെ സോങ്കേറ്റ് എന്ന സ്ഥലത്തുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനാണ് തട്ടിപ്പുകാർ നിർദ്ദേശിച്ചത്.

ഇത്തരം തട്ടിപ്പുകൾ മുമ്പും നടന്നിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Content Highlight: Fraudsters have new tricks; SP gets fake WhatsApp account

We use cookies to give you the best possible experience. Learn more