| Tuesday, 19th August 2025, 8:33 am

ഫിറോസ് കുന്നുംപറമ്പിലിന്റെയും അഡ്വ. ഷമീര്‍ കുന്ദമംഗലത്തിന്റെയും വീഡിയോകള്‍ ഉപയോഗിച്ച് വ്യാപക തട്ടിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തകരായ ഫിറോസ് കുന്നുംപറമ്പിലിന്റെയും അഡ്വ. ഷമീര്‍ കുന്ദമംഗലത്തിന്റെയും വീഡിയോകള്‍ ദുരുപയോഗം ചെയ്ത് വ്യാപക സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി ആരോപണം. രോഗികളുടെ ചികിത്സക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോകളാണ് ഇത്തരത്തില്‍ ഉപയോഗിച്ചതെന്ന് അഡ്വ. ഷമീര്‍ കുന്ദമംഗലം ആരോപിച്ചു. ഇന്നലെ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

വീഡിയോകളില്‍ വ്യാജ ക്യൂ ആര്‍ കോഡുകളും യു.പി.ഐ നമ്പറുകളും ചേര്‍ത്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഇതിന് പിന്നില്‍ ഇതര സംസ്ഥാന ലോബിയാണെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഹരിയാന, ഛത്തീസ്ഗഡ്, ഒഡിഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഈ തട്ടിപ്പിന് പിന്നില്‍ മലയാളികള്‍ ഉണ്ടെന്ന സംശയവും അദ്ദേഹം പറഞ്ഞു. മണി മ്യൂള്‍ രീതിയിലാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നും വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ. ഷമീര്‍ കുന്ദമംഗലം കൂട്ടിച്ചേർത്തു.

‘ചാരിറ്റി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലെ വ്യാജ അക്കൗണ്ടുകളിലേക്ക് പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം വീഡിയോകള്‍ മണിക്കൂറുകള്‍ക്കകം നിരവധി പേര്‍ കാണുകയും പണം നല്‍കുകയും ചെയ്യുന്നു.

ഈ വീഡിയോകള്‍ നാല് ദിവസത്തിനകം ഡിലീറ്റ് ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരാള്‍ ഫേക്ക് ആണെന്ന് കമന്റ് ചെയ്താല്‍ അയാളെ ബ്ലോക്ക് ചെയ്യുന്നു,’ അഡ്വ. ഷമീര്‍ കുന്ദമംഗലം പറഞ്ഞു.

തട്ടിപ്പിനെ കുറിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പ്രതികളുടെ വിവരം ഒന്നും ലഭ്യമല്ലാതിനാല്‍ എഫ്.ഐ.ആര്‍ ഇടാന്‍ കഴിയുന്നില്ലെന്നും അഡ്വ. ഷമീര്‍ കുന്ദമംഗലം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സൈബര്‍ സ്‌ക്വാഡ് രൂപവത്കരിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ ഉടന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Widespread fraud using charity videos of Firoz Kunnumparambil and Adv. Shameer Kundamangalam

We use cookies to give you the best possible experience. Learn more