| Monday, 7th July 2025, 10:25 pm

എന്‍.എസ്.എസ് വഴി കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് നവീകരിക്കുന്നത് അംഗീകരിക്കില്ലെന്ന് ഫ്രറ്റേണിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് എന്‍.എന്‍.എസ് വഴി നവീകരിക്കുന്നത് അംഗീകരിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.

മന്ത്രിമാരുടെ അനാസ്ഥ മൂലമുള്ള സ്ഥാപനവത്കൃത കൊലപാതകമാണ് ബിന്ദുവിന്റേതെന്നും ഇത്തരം അനാസ്ഥകളെ മറികടക്കാന്‍ സര്‍ക്കാര്‍ പലതരം ഗിമ്മിക്കുകള്‍ക്കാണ് നേതൃത്വം നല്‍കുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂര്‍ എന്‍.കെ. പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നയീമിന്റെ പ്രതികരണം.

സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഗിമ്മിക്കുകളില്‍ ഒന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രഖ്യാപിച്ച വീട് നവീകരണമെന്നും നയീം പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകളിലെ എന്‍.എസ്.എസ് യൂണിറ്റുകളും അതിലെ വിദ്യാര്‍ത്ഥികളെയും ഉപയോഗിച്ച്, പണം സമാഹരിച്ച് വീട് നവീകരിക്കാനാണ് മന്ത്രിയുടെ ഉദ്ദേശമെന്നും നയീം ഗഫൂര്‍ ആരോപിച്ചു.

ഇടത് സര്‍ക്കാരിന്റെ പിടിപ്പുക്കേട് മറികടക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ ചട്ടുകങ്ങള്‍ ആക്കുന്ന സര്‍ക്കാര്‍ നടപടിയെ വിദ്യാര്‍ത്ഥി സമൂഹം അംഗീകരിക്കില്ലെന്നും ഫ്രറ്റേണിറ്റിയുടെ അധ്യക്ഷന്‍ പറഞ്ഞു. കൂടാതെ കെട്ടിടം തകര്‍ന്ന് വീണിട്ടും മനുഷ്യരുടെ രക്ഷാപ്രവര്‍ത്തനത്തേക്കാള്‍ വേഗത്തില്‍ സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനമാണ് മന്ത്രിമാര്‍ സംഭവസ്ഥലത്ത് നടത്തിയതെന്നും നയീം വിമര്‍ശിച്ചു.


കോട്ടയം മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നവീകരിച്ച് നല്‍കുമെന്നാണ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചിരുന്നത്. ബിന്ദുവിന്റെ കുടുംബത്തിന് വിവിധ കോണുകളില്‍ നിന്ന് വന്നെത്തുന്ന കൈത്താങ്ങുകള്‍ക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രതികരണം. അതേസമയം ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കുടുംബത്തിന് അടിയന്തര സഹായമായി 50,000 രൂപ കൈമാറുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് താത്കാലിക ജോലി നല്‍കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചിരുന്നു.

ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരണപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മകള്‍ നവമിയുടെ കൂട്ടിരിപ്പിനായി ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.

14ാം വാര്‍ഡിന്റെ ബാത്ത് റൂം ഉള്‍പ്പടെയുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്.

Content Highlight: Fraternity will not accept the renovation of the house of Bindu, who died in the Kottayam Medical College accident, through NSS

We use cookies to give you the best possible experience. Learn more