| Monday, 2nd March 2026, 10:57 pm

പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഫ്രാന്‍സ് ആണവായുധ ശേഖരം വര്‍ധിപ്പിക്കും: ഇമ്മാനുവല്‍ മാക്രോണ്‍

അനിത സി

പാരീസ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ഫ്രാന്‍സിന്റെ ശ്രമങ്ങളെന്നും നിലവിലെ ആണവ പരിധി കടക്കാനുള്ള സാധ്യത കൂടുതലാണെന്നും തിങ്കളാഴ്ച മാക്രോണ്‍ പറഞ്ഞു.

ഫ്രാന്‍സിന് ലഭ്യമായ ആയുധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കൃത്യമായ എണ്ണം വെളിപ്പെടുത്താതെ മാക്രോണ്‍ വിശദീകരിച്ചു.

നിലവില്‍ ലോകം അപകടസാധ്യത നിറഞ്ഞ ഒരു ഭൗമരാഷ്ട്രീയ പ്രക്ഷോഭത്തിലൂടെയാണ് കടന്നുപോകുന്നത്, ഈ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രതിരോധത്തിന് കടുപ്പം ആവശ്യമാണെന്നും അദ്ദേഹം ബ്രിട്ടാനിയയിലെ അന്തര്‍വാഹിനി താവളത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

നമ്മുടെ എതിരാളികളും പങ്കാളികളും ഒരുപാട് വളര്‍ന്നുവെന്നും അതുകൊണ്ട് ഫ്രാന്‍സിനും ആണവ സിദ്ധാന്തത്തില്‍ അനിവാര്യമായ മാറ്റം ആവശ്യമാണെന്നും മാക്രോണ്‍ വിശദീകരിച്ചു.

പ്രതിരോധം ശക്തമാക്കുകയും കൂടുതല്‍ പ്രതിരോധാത്മകമായ രീതിയില്‍ മുന്നോട്ട് പോവുകയും വേണം. സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള ഉത്തരവാദിത്തം എല്ലായ്‌പ്പോഴും പ്രസിഡന്റിനായിരിക്കും.

എങ്കിലും പുതിയ വെല്ലുവിളികളുടെ സാഹചര്യത്തില്‍ ആണവായുധ ശേഖരത്തിന്റെ വലിപ്പം വര്‍ധിപ്പിക്കേണ്ടത് ഫ്രാന്‍സിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യു.കെ, ജര്‍മ്മനി, പോളണ്ട്, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, ഗ്രീസ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നിവ ഫ്രാന്‍സിന്റെ പുതിയ ‘നൂതന ആണവ സിദ്ധാന്തത്തില്‍’ ചേരുമെന്നും ചില സാഹചര്യങ്ങളില്‍, സഖ്യകക്ഷികള്‍ക്കിടയില്‍ തന്ത്രപരമായ ആയുധങ്ങള്‍ വിന്യസിക്കുന്നത് സാധ്യമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

Content Highlight: Conflict in the Middle East: France will increase its nuclear arsenal: Emmanuel Macron

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more