| Sunday, 18th October 2026, 4:33 pm

ഇസ്രഈല്‍ അധിനിവേശകരുടെ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം; മേയര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഫ്രാന്‍സ്

റെന്വര്‍ പി

പാരീസ്: വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റക്കാരുടെ ക്രിമിനല്‍ അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരോട്ട്. വെസ്റ്റ്ബാങ്കില്‍ വെച്ച് ഫ്രഞ്ച് മേയര്‍ ബെര്‍ണാഡ് ബോഡൂക്‌സിന് നേര്‍ക്കുണ്ടായ ഇസ്രഈല്‍ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ബാരോട്ടിന്റെ പ്രതികരണം.

വടക്കന്‍ ഫ്രാന്‍സിലെ ഓള്‍നോയ്-ഐമെറീസ് നഗരത്തിലെ മേയറായ ബെര്‍ണാഡ് ബോഡൂക്‌സിന് തീവ്രവാദികളായ കുടിയേറ്റക്കാരില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമേറ്റു എന്ന് ബാരോട്ട് എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇത്തരം ക്രിമിനല്‍ ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇസ്രഈലിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘ഇത്തരം ഹീനമായ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളായവരെ ഇസ്രായേല്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യത പ്രകാരം ഈ ക്രിമിനല്‍ അക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവര്‍ തയ്യാറാകണം.’ ബാരോട്ട് പറഞ്ഞു.

വെസ്റ്റ് ബാങ്കില്‍ വെച്ച് ശനിയാഴ്ച ഇസ്രഈലി അധിനിവേശകര്‍ യൂറോപ്യന്‍ നയതന്ത്രജ്ഞരുടെ സംഘത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് ഫ്രഞ്ച് മേയര്‍ക്ക് പരിക്കേറ്റത്. സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് മേയര്‍ അടക്കമുള്ളവരെ ഇസ്രഈല്‍ അധിനിവേശകരുടെ സംഘം മര്‍ദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ ഒലിവ് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് മുഖംമൂടി ധരിച്ച കുടിയേറ്റക്കാര്‍ തന്നെ ആക്രമിച്ചതെന്ന് 78-കാരനായ ബെര്‍ണാഡ് ബോഡൂക്‌സ് പറഞ്ഞു. ഫ്രാന്‍സിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ അക്രമികള്‍, തന്നെ ചവിട്ടുകയും ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് അടിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ജറുസലേമിലെ ഉന്നത ഫ്രഞ്ച്, ബെല്‍ജിയന്‍ പ്രതിനിധികളും പോളിഷ് നയതന്ത്രജ്ഞരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കുടിയേറ്റക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ടെങ്കില്‍, അതിനര്‍ത്ഥം ഇസ്രായേല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിന് ഒരുതരം അനുവാദം ലഭിക്കുന്നുണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യു.എസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ ഫൊട്ടോഗ്രാഫര്‍ ഹൈഡി ലെവിനെ ഇസ്രഈലി അധിനിവേഷകര്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രപ്രതിനിധികള്‍ക്ക് നേര്‍ക്കുള്ള ആക്രമണം.

Content Highlight: France demands Israel act after ‘criminal violence’ against visiting mayor

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more