2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി ഫ്രാന്‍സ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഫ്രഞ്ച് പടയുടെ കുതിപ്പ്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിനാണ് ഫ്രാന്‍സ് യോഗ്യത നേടിയിരിക്കുന്നത്.
2018ല്‍ കിരീടം സ്വന്തമാക്കിയ ഫ്രാന്‍സ് 2022 ഖത്തര്‍ ലോകകപ്പില്‍ ഫൈനല്‍ വരെയും മുന്നേറിയിരുന്നു. ഇത്തവണ വീണ്ടുമൊരു കിരീട പോരാട്ടത്തിന്റെ അടുത്തെത്തിയിരിക്കുകയാണ് ഫ്രാന്‍സ്.
2022 ലോകകപ്പിലും മൊറോക്കോയെ വീഴ്ത്തിയായിരുന്നു ഫ്രാന്‍സ് ഫൈനലിലേക്ക് കടന്നിരുന്നത്. സെമിയില്‍ 2-0ത്തിനായിരുന്നു ഫ്രാന്‍സിന്റെ ജയം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഫ്രാന്‍സിനോട് പരാജയപ്പെട്ട് മൊറോക്കോ തങ്ങളുടെ ലോകകപ്പ് സ്വപ്നം ഉപേക്ഷിച്ചു മടങ്ങിയിരിക്കുകയാണ്.
ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പയുടെയും ഉസ്മാന്‍ ഡെംബലയുടെയും തകര്‍പ്പന്‍ ഗോളുകളുടെ കരുത്തിലാണ് ഫ്രഞ്ച് പട വിജയിച്ചു കയറിയത്. മത്സരം തുടങ്ങി 28ാം മിനിട്ടില്‍ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചിരുന്നു.
എന്നാല്‍ ആ പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ എംബാപ്പെക്ക് സാധിച്ചില്ല. മൊറോക്കോ ഡിഫന്‍ഡര്‍ നൗസൈര്‍ മസ്രൗയ് ഫ്രഞ്ച് നായകനെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസീന്‍ ബൗണൗ എംബാപ്പെയുടെ കിക്ക് അനായാസം രക്ഷപ്പെടുത്തുകയായിരുന്നു.
റൗണ്ട് ഓഫ് 32ല്‍ നെതര്‍ലാന്‍ഡ്‌സിനെ പെനാല്‍റ്റികള്‍ തടുത്തിട്ട മൊറോക്കന്‍ കീപ്പര്‍ ഫ്രാന്‍സിനെതിരെയും മിന്നും പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഗോളൊന്നും നേടാതെ തുല്യത പാലിച്ചു. രണ്ടാം പകുതിയിലാണ് ഫ്രാന്‍സിന്റെ ഇരട്ട ഗോളുകള്‍ പിറന്നത്. 60ാം മിനിട്ടില്‍ എംബാപ്പെയാണ് ഫ്രാന്‍സിനായി ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടമാക്കിയെങ്കിലും താരം ഗോള്‍ നേടി തിരിച്ചുവരികയായിരുന്നു.
ഈ ടൂര്‍ണമെന്റിലെ ഫ്രഞ്ച് നായകന്റെ എട്ടാമത്തെ ഗോള്‍ ആയിരുന്നു ഇത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവുമായി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് തൊട്ടു താഴെയാണ് എംബാപ്പെ.
ആദ്യം ഗോളിന്റെ ആവേശം അടങ്ങും മുമ്പേ ആറ് മിനിട്ടുകള്‍ക്ക് ശേഷം ഡെംബലയിലൂടെ ഫ്രാന്‍സ് വീണ്ടും വലകുലുക്കി മത്സരം പൂര്‍ണമായും സ്വന്തമാക്കി.
ഗോള്‍ നേട്ടം ഉയര്‍ത്താന്‍ മികച്ച മുന്നേറ്റങ്ങള്‍ ഫ്രാന്‍സ് നടത്തിയെങ്കിലും മൊറോക്കോ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഫ്രാന്‍സ് തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ 15നാണ് ഫ്രാന്‍സിന്റെ സെമിഫൈനല്‍ പോരാട്ടം നടക്കുന്നത്. സ്പെയ്ന്‍- ബെല്‍ജിയം മത്സരത്തിലെ വിജയികളെ ആയിരിക്കും എംബാപ്പെയും സംഘവും നേരിടുക. ഖത്തര്‍ ലോകകപ്പില്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും ഫ്രാന്‍സ് ഇത്തവണ ലക്ഷ്യം വെക്കുക.
Content Highlight: France defeats Morocco to reach FIFA World Cup semi-finals