| Friday, 25th July 2025, 12:32 pm

'എഞ്ചിനീയർ ആയതുകൊണ്ട് ബോംബ് വിദഗ്ദ്ധനാക്കി': മുംബൈ സ്ഫോടന പരമ്പരയിൽ കുറ്റവിമുക്തനായ സാജിദ് അൻസാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: താനൊരു എഞ്ചിനീയർ ആയതുകൊണ്ട് മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ ബോംബ് വിദഗ്ദ്ധനായി ചിത്രീകരിക്കപ്പെട്ടുവെന്ന് കേസിൽ കുറ്റവിമുക്തനായ സാജിദ് അൻസാരി. ദി വയറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 21ന് മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ ഉൾപ്പെട്ട 12 പേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കുറ്റവിമുക്തരാക്കപ്പെട്ടവരിൽ 2006ൽ അറസ്റ്റിലായ മീര റോഡ് നിവാസിയായ 48 കാരനായ സാജിദ് അൻസാരിയും ഉൾപ്പെടുന്നു. താനൊരു എഞ്ചിനിയറായതിനാലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തന്നെ കുറ്റവാളിയാക്കിയതെന്ന് ദി വയറിനോട് അദ്ദേഹം പറഞ്ഞു.

‘ഞാൻ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറാണ്. അതുകൊണ്ടാണ് എ.ടി.എസ് എന്നെ കുറ്റപ്പെടുത്തിയത്. പിന്നാലെ എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു,’ സാജിദ് അൻസാരി പറഞ്ഞു.

പതിനെട്ടര വർഷം താൻ ജയിലിൽ കഴിഞ്ഞതായും ആ സമയത്ത് തന്റെ അമ്മയും രണ്ട് സഹോദരിമാരും മരിച്ചതായും സാജിദ് കൂട്ടിച്ചേർത്തു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നുവെന്നും കുടുംബത്തിന് ഏറ്റവും ആവശ്യമുള്ള നിമിഷത്തിൽ ജയിലിൽ കഴിയേണ്ടി വന്നെന്നും സാജിദ് പറയുന്നു. അദ്ദേഹം ജയിലിൽ അടക്കപ്പെട്ട് മൂന്ന് മാസത്തിന് ശേഷം ഭാര്യ ഒരു മകൾക്ക് ജന്മം നൽകി.

പതിനെട്ടര വർഷമായി മകളെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് സാജിദ് പറയുന്നു. നീണ്ട ജയിൽവാസത്തിനിടെ, രണ്ട് തവണ മാത്രമേ സാജിദിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദം ലഭിച്ചിരുന്നുള്ളു. അതും ഓരോ തവണയും ഏതാനും മണിക്കൂറുകൾ മാത്രമായിരുന്നു അനുവദിക്കപ്പെട്ടത്. അമ്മയുടെ ശവസംസ്കാര ചടങ്ങുകൾക്കും സഹോദരിയുടെ ശവസംസ്കാര ചടങ്ങുകൾക്കും വേണ്ടിയായിരുന്നു അദ്ദേഹം ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

ഈ കാലയളവിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായെന്നും സാജിദ് പറഞ്ഞു. ‘എനിക്ക് രണ്ട് സഹോദരന്മാരുണ്ട്. അവർ രണ്ടുപേരും എന്റെ കുടുംബത്തെ പോറ്റി. ഒരു സഹോദരൻ സമ്പാദിച്ച് വീട് നോക്കിയപ്പോൾ മറ്റെയാൾ എന്റെ കേസിൽ എന്നെ സഹായിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഞാൻ ജയിലിലായിരുന്നപ്പോൾ എന്റെ കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്തം പൂർണമായും എന്റെ സഹോദരന്മാരുടെ മേൽ വന്നു,’ അദ്ദേഹം പറഞ്ഞു.

പൊലീസിന് തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സാജിദ് വാദിക്കുന്നു. കേസ് മുഴുവൻ കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ എന്ന നിലയിൽ തന്റെ തൊഴിൽ കാരണം പൊലീസ് തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘എന്റെ വീട്ടിൽ നിന്ന് ചില ഇലക്ട്രിക്കൽ വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. അവർ ബോംബുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ദ്ധനായി എന്നെ ചിത്രീകരിക്കാൻ ശ്രമിച്ചു,’ സാജിദ് പറഞ്ഞു.

മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യൻ ജുഡീഷ്യറിയിൽ താൻ വിശ്വസിക്കുന്നുവെന്ന് സാജിദ് പറഞ്ഞു. ഹൈക്കോടതി എല്ലാവരെയും വെറുതെ വിട്ടതുപോലെ, നീതിയുടെയും വസ്തുതാപരമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ സുപ്രീം കോടതിയും തങ്ങൾക്കനുകൂലമായ വിധി പുറപ്പെടുവിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ജയിലിൽ കഴിയുമ്പോൾ സാജിദ് നിയമം പഠിക്കാൻ തുടങ്ങി. ഇപ്പോൾ അവസാന വർഷ നിയമ വിദ്യാർത്ഥിയാണ്. പൊലീസിന്റെയും സർക്കാരിന്റെയും നടപടികളെ ചോദ്യം ചെയ്ത സാജിദ്, യഥാർത്ഥ കുറ്റവാളികളെ മറച്ചുവെക്കാൻ ശ്രമിക്കുന്നതിനാലാണ് ഭരണകൂടം നിരപരാധികളായ വ്യക്തികളെ ലക്ഷ്യമിടുന്നതെന്ന് അഭിപ്രായപ്പെട്ടു.

‘ഞാൻ ഒരു മുസ്‌ലിം ആയതുകൊണ്ടാണ് എന്നെ ലക്ഷ്യം വെച്ചത്. മുസ്‌ലിങ്ങളോടുള്ള സർക്കാരിന്റെ നയം വ്യക്തമാണ്. ജയിലിൽ ഞങ്ങൾ ഒരുപാട് തവണ മുസ്‌ലിം വിരുദ്ധ, ഇസ്‌ലാമിക് വിരുദ്ധ അധിക്ഷേപങ്ങൾക്ക് ഇരയായി. ചോദ്യം ചെയ്യൽ സമയത്ത് അതി ക്രൂര പീഡനങ്ങൾ നേരിട്ടു. എങ്കിലും ഇന്ത്യൻ ജുഡീഷ്യറിയിൽ ഞാൻ എപ്പോഴും പ്രതീക്ഷ പുലർത്തിയിട്ടുണ്ട്. എന്റെ വിശ്വാസം അചഞ്ചലമായി തുടരുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ബോംബൈ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നടപടി. 2006 ജൂലായ് 11 ന് മുംബൈയിൽ നടന്ന ട്രെയിൻ സ്ഫോടന പരമ്പരകളിൽ 12 പേരെ പ്രത്യേക അന്വേഷണ കോടതി ശിക്ഷിച്ചിരുന്നു. അഞ്ച് പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപരന്ത്യം ശിക്ഷയുമായിരുന്നു കോടതി വിധിച്ചത്. പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 21, 2025) കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഈ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

Content Highlight: ‘Framed as Bomb Expert Because I’m an Engineer’: Sajid Ansari on 7/11 Acquittal

We use cookies to give you the best possible experience. Learn more