| Thursday, 17th July 2025, 7:33 am

കേരളത്തില്‍ വെറുപ്പ് വിതച്ച് വിഭജനം വിളയിക്കാമെന്ന വ്യാമോഹത്തിനേറ്റ തിരിച്ചടി: ഫാ. അജി പുതിയപറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ പ്രതികരണവുമായി ഫാദര്‍ അജി പുതിയപറമ്പില്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വിഷയത്തില്‍ തന്റെ സന്തോഷം പങ്കുവെക്കുന്നത്.

സുവിശേഷമെന്നാല്‍ നല്ല വാര്‍ത്ത എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് പറഞ്ഞ ഫാദര്‍, കേരളത്തില്‍ സംഭവിച്ച നല്ല കാര്യങ്ങളെ കുറിച്ച് അറിയിക്കാനാണ് ഈ കുറിപ്പ് പങ്കുവെക്കുന്നതെന്നും വ്യക്തമാക്കി.

നിമിഷപ്രിയ

വധശിക്ഷ നീട്ടിവെക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നന്ദി അറിയിച്ച ഫാദര്‍ അജി പുതിയപറമ്പില്‍, നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന അവരുടെ കുടുംബം ആക്ഷന്‍ കൗണ്‍സില്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെയും തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചു.

വെറുപ്പിന്റെ വിത്ത് വിതച്ച് വിഭജനം വിളയിച്ചെടുക്കാം എന്ന് വ്യാമോഹിച്ചവര്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഈ സംഭവങ്ങള്‍. പ്രത്യേകിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ അവസരോചിതവും ഹൃദയസ്പര്‍ശിയുമായ ഇടപെടല്‍. കേരള മണ്ണ് ഇപ്പോഴും പാകപ്പെട്ടിരിക്കുന്നത് സ്‌നേഹത്തിന്റെ വിത്തുകള്‍ക്ക് മാത്രമാണ് എന്ന് തിരിച്ചറിയുന്നതാണ് നാലാമത്തെ നല്ല വാര്‍ത്തയെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

ഫാദര്‍ അജി പുതിയപറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലെ സുവിശേഷങ്ങള്‍

സുവിശേഷമെന്നാല്‍ ‘നല്ല വാര്‍ത്ത’ എന്നാണര്‍ത്ഥം. കേരളത്തില്‍ ഈ ദിവസങ്ങളില്‍ സംഭവിച്ച ചില നല്ല വിശേഷങ്ങളെ ഒന്ന് പകര്‍ത്തിയെഴുതാനാണ് ഈ കുറിപ്പ്.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ എന്ന സഹോദരിയുടെ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവച്ചു എന്നതാണ് ഒന്നാമത്തെ
സുവിശേഷം.
ഹാവൂ…. എന്തൊരാശ്വാസം അല്ലെങ്കില്‍ ഞാനുള്‍പ്പെടെയുള്ള അനേകം മലയാളികള്‍ക്ക് കഴിഞ്ഞ രാത്രി തീര്‍ത്തും അശാന്തമായേനേ

ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം പണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഇക്കാര്യത്തില്‍ വളരെ നിര്‍ണായകമായ പങ്കുവഹിച്ചു എന്നതാണ് രണ്ടാമത്തെ സുവിശേഷം.
നന്ദി ഉസ്താദ്! വളരെ നന്ദി!

കുടുംബം, ആക്ഷന്‍ കൗണ്‍സില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെല്ലാം നിമിഷപ്രിയയുടെ മോചനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു; ഇനിയും പ്രവര്‍ത്തിക്കും എന്നതാണ് മൂന്നാമത്തെ
സുവിശേഷം.

കേരള മനസില്‍ വെറുപ്പിന്റെ വിത്ത് വിതച്ച് വിഭജനം വിളയിച്ചെടുക്കാം എന്ന് വ്യാമോഹിച്ചവര്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഈ സംഭവങ്ങള്‍. പ്രത്യേകിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ അവസരോചിതവും ഹൃദയസ്പര്‍ശിയുമായ ഇടപെടല്‍. കേരള മണ്ണ് ഇപ്പോഴും പാകപ്പെട്ടിരിക്കുന്നത് സ്‌നേഹത്തിന്റെ വിത്തുകള്‍ക്ക് മാത്രമാണ് എന്ന് തിരിച്ചറിയുന്നതാണ് നാലാമത്തെ സുവിശേഷം.

ഇനിയും ആരൊക്കെ എങ്ങനെയൊക്കെ പരിശ്രമിച്ചാലും നാളെയും കേരള മണ്ണില്‍ വിടരുന്നത് സ്നേഹത്തിന്റെ പുക്കള്‍ തന്നെയായിരിക്കും എന്ന പ്രതീക്ഷയാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഇതല്ലേ അഞ്ചാമത്തെ സുവിശേഷം?

Content highlight: Fr. Aji Puthyaparambil responds to Nimishapriya’s postponement of execution

We use cookies to give you the best possible experience. Learn more