കുട്ടിക്രിക്കറ്റിനെ ഒന്നുകൂടി കുട്ടിയാക്കിയ ദി ഹണ്‍ഡ്രഡിലെ ലണ്ടന്‍ സ്പിരിറ്റ് – ഓവല്‍ ഇന്‍വിന്‍സിബിള്‍ മത്സരത്തിനിടയിലെ രസകരമായ ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് വൈറലാകുന്നത്. മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ ഒരു കുറുക്കനാണ് ആരാധകരുടെ ശ്രദ്ധയൊന്നാകെ തട്ടിയെടുത്തത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. ലണ്ടന്‍ സ്പിരിറ്റ് ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓവല്‍ ഇന്‍വിന്‍സിബിള്‍സ് ബാറ്റിങ് തുടരുകയാണ്. രണ്ടാം ഓവറില്‍ വില്‍ ജാക്‌സും തവാന്‍ഡ മുയേയെയും ബാറ്റിങ് തുടരവെയാണ് ഗ്രൗണ്ടില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ഒരു കുറുക്കനെത്തിയത്. ഇതോടെ സകല അറ്റന്‍ഷനും താരങ്ങളില്‍ നിന്നും മാറി കുറുക്കനിലായി.
എങ്ങനെയോ ഗ്രൗണ്ടിലെത്തിപ്പെട്ട പാവം കുറുക്കന്‍ പിന്നെ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഓട്ടം തുടങ്ങി. കാണികളുടെ ആര്‍പ്പുവിളികളില്‍ കൂടുതല്‍ പരിഭ്രാന്തനായ കുറച്ചധികം നേരം ഗ്രൗണ്ടില്‍ ഓടി നടന്നതിന് ശേഷം പുറത്തേക്ക് പോവുകയായിരുന്നു. കമന്റേറ്റര്‍മാരും രംഗം കൊഴുപ്പിച്ചു.
സ്‌കൈ സ്‌പോര്‍ട്‌സ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് കൂടുതല്‍ ആരാധകര്‍ കുഞ്ഞിക്കുറുക്കന് പിന്നാലെ കൂടിയത്. ‘സ്‌കൈ സ്‌പോര്‍ട്‌സ് ഒരു നിമിഷം ഫോക്‌സ് ക്രിക്കറ്റായി മാറി’, ‘ഫോക്‌സ് ക്രിക്കറ്റില്‍ ക്രിക്കറ്റ് കണ്ടിട്ടുണ്ട്, എന്നാല്‍ ക്രിക്കറ്റില്‍ ആദ്യമായാണ് ഫോക്‌സിനെ കാണുന്നത്’, ലണ്ടന്‍ സ്പിരിറ്റിന്റെ 12ാം ഫീല്‍ഡറാണോ’, ‘വാട്ട് ദി ഫോക്‌സ്!!!’ എന്നെല്ലാം ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം, മത്സരത്തില്‍ ലണ്ടന്‍ സ്പിരിറ്റിനെ തകര്‍ത്ത് ഓവല്‍ ഇന്‍വിന്‍സിബിള്‍സ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്‍വിന്‍സിബിള്‍സ് നേടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സ്പിരിറ്റ് 80 റണ്‍സിന് പുറത്തായി. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ലണ്ടന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. 14 പന്തില്‍ 21 റണ്‍സ് നേടിയ ആഷ്ടണ്‍ ടര്‍ണറാണ് ടോപ് സ്‌കോറര്‍. റയാന്‍ ഹിഗ്ഗിന്‍സ് (14 പന്തില്‍ 12), വെയ്ന്‍ മാഡ്‌സണ്‍ (11 പന്തില്‍ പത്ത്) എന്നിവരാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഓവലിനായി റാഷിദ് ഖാനും സാം കറനും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ജോര്‍ഡന്‍ ക്ലാര്‍ക് രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, നഥാന്‍ സോടെര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍വിന്‍സിബിള്‍സ് അനായാസം ചെറിയ ടോട്ടല്‍ മറികടക്കുകയായിരുന്നു. ആറ് വിക്കറ്റും 31 പന്തും ശേഷിക്കവെയാണ് ടീം വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റിനൊപ്പം മൂന്ന് ക്യാച്ചും കൈപ്പിടിയിലൊതുക്കിയ റാഷിദ് ഖാനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.
Content Highlight: Fox invaded the pitch during London Invisibles vs London Spirit match