| Monday, 20th January 2025, 9:27 am

യു.പിയില്‍ താത്കാലിക മസ്ജിദില്‍ നിസ്‌കരിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ താത്കാലിക പള്ളിയില്‍ നിസ്‌കാരം നടത്തിയതിനെ തുടര്‍ന്ന് നാല് യുവാക്കള്‍ അറസ്റ്റില്‍. ബഹേരിയിലെ ജാം സമന്ത് ഗ്രാമത്തിലാണ് സംഭവം. ജനുവരി 18നാണ് യുവാക്കള്‍ താത്കാലിക പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്.

ജാം സമന്ത് ഗ്രാമപഞ്ചായത്ത് മേധാവി മുഹമ്മദ് ആരിഫ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആരിഫിന്റെ സഹോദരന്‍ മുഹമ്മദ് ഷാഹിദ് അടക്കമാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

ആരിഫ് ഉള്‍പ്പെടെയുള്ള മൂന്ന് യുവാക്കള്‍ ഒളിവിലാണെന്നാണ് വിവരം. യുവാക്കള്‍ പള്ളിയില്‍ നിസ്‌കാരം നടത്തുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ഹിമാന്‍ഷു പട്ടേല്‍ എന്ന എക്സ് ഉപയോക്താവ് തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തിയത്.

തുടർന്നുള്ള പരിശോധനയിൽ തകര ഷെഡുകൊണ്ട് നിർമിച്ച ഒരു കെട്ടിടത്തിലാണ് യുവാക്കൾ പ്രാർത്ഥന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഖാദിര്‍ അഹമ്മദ് എന്ന ആളുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.

പിന്നാലെ വീഡിയോയിലൂടെ തിരിച്ചറിഞ്ഞ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ബി.എന്‍.എസ് സെക്ഷന്‍ 233 പ്രകാരമാണ് ഇവര്‍ക്കെതിരായ കേസ്.

യുവാക്കള്‍ക്കെതിരെ സമാധാന ലംഘനത്തിനാണ് കേസെടുത്തതെന്ന് ബഹേരി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് തോമര്‍ പറഞ്ഞു.

മുന്‍കൂര്‍ അനുമതിയില്ലാതെ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്. മഹാകുംഭ മേള, റിപ്പബ്ലിക് ദിനം എന്നിവയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് യുവാക്കള്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്.

യുവാക്കള്‍ക്കുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം പള്ളിയില്‍ യുവാക്കള്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഹിമാന്‍ഷു പട്ടേല്‍ ഹിന്ദു ജാഗരണ്‍ മഞ്ച് യുവജന വിഭാഗത്തിന്റെ ബറേലി ജില്ലാ പ്രസിഡന്റാണ്.

Content Highlight: Four youths were arrested for praying in a makeshift mosque in U.P

We use cookies to give you the best possible experience. Learn more