| Sunday, 27th July 2025, 9:06 pm

ഗവര്‍ണര്‍ നിയമിച്ച നാല് വി.സിമാര്‍ ആര്‍.എസ്.എസ് പരിപാടി ജ്ഞാനസഭയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗവര്‍ണര്‍ നിയമിച്ച നാല് വി.സിമാര്‍ ആര്‍.എസ്.എസ് പരിപാടി ജ്ഞാനസഭയില്‍. കേരള സര്‍വകലാശാല കാലിക്കറ്റ് വി.സി. ഡോ. പി. രവീന്ദ്രന്‍, കേരള വി.സി. മോഹന്‍ കുന്നുമ്മല്‍, കണ്ണൂര്‍ വി.സി പ്രൊഫ. ഡോ. കെ. കെ. സാജു, കുഫോസ് വി.സി എ. ബിജുകുമാര്‍ എന്നിവരാണ്
ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത് അടക്കം പങ്കെടുത്ത ജ്ഞാനസഭയില്‍ പങ്കെടുത്തത്. ഇവര്‍ക്ക് പുറമെ ചാന്‍സലര്‍ രാജേന്ദ്ര ആര്‍ലേക്കറും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ചാന്‍സലര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ മറവില്‍ സര്‍വകലാശാലകളെ കാവി വത്ക്കരിക്കാനുള്ള ശ്രമത്തിനിടയിലാണ് ആര്‍.എസ്.എസ് ആഭിമുഖ്യമുള്ള പരിപാടിയില്‍ വി.സിമാര്‍ പങ്കെടുക്കുന്നത്.

അടുത്തിടെ വിവിധ സര്‍വകലാശാല സിന്‍ഡിക്കേുകളിലേക്ക് സംഘപരിവാറുകാരെ അംഗങ്ങളായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍ദേശിച്ചത് വിവാദമായിരുന്നു. തിരുവനന്തപുരം സംസ്‌കൃത സര്‍വകലാശാലയിലും കല്‍പറ്റ വെറ്റിനറി സര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും ചട്ടം ലംഘിച്ചാണ് ചാന്‍സലര്‍ തീരുമാനം നടപ്പാക്കുന്നത്.

സംസ്‌കൃത സര്‍വകലാശാലയിലെ താത്ക്കാലിക വി.സി പ്രൊഫ. കെ.കെ ഗീതാകുമാരി അധ്യാപകരുമായി ചര്‍ച്ചചെയ്ത് യോഗ്യരായവരുടെ പേരുകള്‍ തീരുമാനിച്ച് ചാന്‍സലര്‍ക്ക് കൈമാറിയെങ്കിലും ഇവരെ ഒരാളെ പോലും പട്ടികയിലുള്‍പ്പെടുത്തിയില്ല.

ആര്‍.എസ്.എസ് സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘില്‍ അംഗങ്ങളായ ഡോ. ആര്‍.എസ്. വിനീത് (അസിസ്റ്റന്റ് പ്രൊഫസര്‍, എന്‍.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശേരി), ഡോ. സിന്ധു അന്തര്‍ജനം (അസോസിയേറ്റ് പ്രൊഫസര്‍, ആലപ്പുഴ എസ്.ഡി കോളേജ്), ആര്‍.എസ്.എസ് അനുഭാവികളായ ഡോ. എസ്. ശ്രീകലാദേവി (റിട്ട. അസോസിയേറ്റ് പ്രൊഫസര്‍, നീറമണ്‍കര എന്‍.എസ്.എസ് കോളേജ്), ഡോ. കെ ഉണ്ണികൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പല്‍, തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ്) എന്നിവരെയാണ് ഗവര്‍ണര്‍ സിന്‍ഡിക്കേറ്റിലേക്ക് നിര്‍ദേശിച്ചത്.

കാലിക്കറ്റ് സര്‍വകലാശാലയിലും സംഘപരിവാര്‍ നോമിനികളെ സിന്‍ഡിക്കേറ്റിലേക്ക് ചാന്‍സലര്‍ നിര്‍ദേശിച്ചിരുന്നു. കല്‍പറ്റ വെറ്ററിനറി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റിന് സമാനമായ മാനേജ്മെന്റ് കൗണ്‍സിലിലേക്കും സംഘപരിവാറുകാരെ നിയമിച്ചു.

ബി.ജെ.പി അനുകൂല അധ്യാപകസംഘടനയായ എ.ബി.ആര്‍.എസ്.എമ്മിന്റെ പ്രസിഡന്റ് ഡോ. സാനി എസ്. ജൂലിയറ്റ്, ജനറല്‍ സെക്രട്ടറി ഡോ. സി.എന്‍. ദിനേശ് എന്നിവരെയാണ് നിര്‍ദേശിച്ചത്.

Content Highlight: Four Vice Chancellors appointed by the Governor attend RSS event Jnansabha

We use cookies to give you the best possible experience. Learn more