| Wednesday, 16th July 2025, 5:46 pm

തിയേറ്ററില്‍ പരാജയപ്പെട്ടപ്പോഴും ഒ.ടി.ടിയില്‍ വിജയിച്ച 4 സൈജു കുറുപ്പ് ചിത്രങ്ങള്‍

ഹണി ജേക്കബ്ബ്

സിനിമയിലെത്തിയില്ലെങ്കില്‍ ഏതെങ്കിലും കോര്‍പ്പറേറ്റ് ഓഫീസില്‍ കുറച്ച് കുടവയറൊക്കെയായി, തലയില്‍ കഷണ്ടിയൊക്കെയായി ഒരു ക്യാബിനില്‍ ഇരിക്കുന്ന പൊസിഷനുള്ള വ്യക്തിയായി മാറിയേനെ. സിനിമ എന്നാല്‍ എനിക്കിപ്പോള്‍ പാഷനാണ്. അത് കഴിഞ്ഞാല്‍ എന്റെ ജീവനോപാധിയും, സിനിമ അല്ലാതെ വേറൊന്നും എനിക്കിപ്പോള്‍ ചെയ്യാനാകില്ല. ഇവിടെ പക്ഷേ, വിജയം എന്നത് ശാശ്വതമല്ല. ആളുകള്‍ക്ക് ഇഷ്ടപ്പെടാത്ത രണ്ട് ചിത്രങ്ങളോ കഥാപാത്രങ്ങളോ ചെയ്താല്‍ നമ്മളിവിടുന്ന് പോകും. അതുകൊണ്ട് എന്നുമുള്ള പ്രാര്‍ഥന നല്ല വേഷങ്ങള്‍ ലഭിക്കണേ എന്നതാണ്.

സൈജു കുറുപ്പിന്റെ വാക്കുകളാണിവ. ഹരിഹരന്റെ ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയെങ്കിലും ആടിലെ അബുവായി വരുന്നതുവരെ പറയത്തക്ക വേഷങ്ങളൊന്നും സൈജുവിന്റെ പക്കലില്ലായിരുന്നു. അറക്കല്‍ അബു എന്നാല്‍ വ്യത്യസ്തമായിരുന്നു. കണ്ണുചുമപ്പിച്ച കലിപ്പന്‍ അബുവില്‍ നിന്ന് ‘എന്നെക്കോണ്ടിതൊന്നും പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ’ എന്ന് പറയുന്ന സാധുവായി മാറാന്‍ അയാളിലെ നടന് വേണ്ടിവന്നത് ഒന്ന് കണ്ണുചിമ്മി തുറക്കുന്ന സമയം മാത്രം. പിന്നീടും എത്രയോ സിനിമകളില്‍ അയാള്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ അതില്‍ പലതും തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ മാഞ്ഞുപോകാന്‍ പാകത്തിലുള്ളതായിരുന്നു.

എന്നാല്‍ തന്റെ കഴിഞ്ഞ കാലത്തെ കല എന്ന ആയുധം കൊണ്ട് പോളിഷ് ചെയ്ത് പോളിഷ്ഡ് ആയ നടനായി മാറുകയാണ് ഇന്ന് സൈജു കുറുപ്പ്. തിയേറ്ററില്‍ തിളങ്ങാന്‍ സൈജുവിന്റെ പല ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ലെങ്കിലും ഒ.ടി.ടിയില്‍ എത്തുമ്പോള്‍ വമ്പന്‍ ഹിറ്റാണ്. അന്താക്ഷരി, ഭരതനാട്യം, അഭിലാഷം മുതല്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ വരെ പ്രേക്ഷകര്‍ക്ക് നന്നേ ബോധിച്ച സൈജു കുറുപ്പ് ചിത്രങ്ങളാണ്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അന്താക്ഷരി. സൈക്കോളജിക്കല്‍ തില്ലര്‍ ഴോണറിലിറങ്ങിയ ചിത്രത്തില്‍ സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, സുധി കോപ്പ, കോട്ടയം രമേഷ്, ബിനു പപ്പു, തുടങ്ങിയവരാണ് അഭിനയിച്ചത്. 2022 ഏപ്രില്‍ 22ന് സോണി ലിവിലൂടെ പുറത്തിറങ്ങിയ ചിത്രം നിരവധി നിരൂപക പ്രശംസ നേടിയിരുന്നു.

സൈജു കുറുപ്പിന്റെ നിര്‍മാണത്തില്‍ തിയേറ്ററുകളിലെത്തിയ സിനിമയാണ് ഭരതനാട്യം. കഴിഞ്ഞവര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇതെന്ന് കാണികള്‍ ഒന്നടങ്കം പറഞ്ഞു. എന്നാല്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് രക്ഷയായത് ഒ.ടി.ടിയായിരുന്നു. നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യത്തില്‍ സൈജു കുറുപ്പ്, സായ് കുമാര്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. സായി കുമാറിന്റെ ‘ഭരതന്റെ നാട്യങ്ങള്‍’ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളില് ഭരതനാട്യം കാണാം.

വമ്പന്‍ ഹൈപ്പിലെത്തിയ എമ്പുരാന്റെ കൂടെ തിയേറ്ററുകളില്‍ റിലീസായ ചിത്രമാണ് അഭിലാഷം. എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ചപ്പോള്‍ അഭിലാഷത്തെ പലരും അറിയാതെ പോയി. മലപ്പുറത്തെ പ്രണയത്തെ ക്രിഞ്ചടിപ്പിക്കാതെ അവതരിപ്പിച്ച സിനിമ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒ.ടി.ടിയിലേക്ക് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മണിയറയില്‍ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമായിരുന്നു അഭിലാഷം. ജെനിത് കാച്ചപ്പിള്ളി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കെ. ആര്‍ നാരായണന്‍ യു. പി സ്‌കൂളിലെ നാല് വികൃതി വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ ചിത്രമാണ് സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍. നായകന്‍ ശ്രീക്കുട്ടനും ക്ലാസിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായ അമ്പാടിയും തമ്മിലുള്ള സംഘട്ടനത്തെ ചുറ്റിപ്പറ്റിയാണ് സിനിമ പോകുന്നത്. മലയാളത്തില്‍ ഈ അടുത്ത് വന്ന, മനസ് നിറക്കുന്ന ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ ഉണ്ടാകുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബാക്ക് ബെഞ്ചുകള്‍ ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനെ പോലും സ്വാധീനിക്കാന്‍ ഈ കുഞ്ഞന്‍ ചിത്രത്തിനായി. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ എന്നാല്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സൈന പ്ലേയിലൂടെ ഒ.ടി.ടി റിലീസായപ്പോഴാണ് സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ പ്രേക്ഷകര്‍ ആസ്വദിക്കാന്‍ തുടങ്ങിയത്. സൈജു കുറുപ്പ്, അജു വര്‍ഗീസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Content Highlight: Four Saiju Kurup films that were successful on OTT despite failing in theaters

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more