| Wednesday, 15th April 2026, 11:27 am

സമാധാനത്തിനായി നാലിന കരാര്‍; പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കണം: ചൈന

നിഷാന. വി.വി

ബെയ്ജിങ്: പശ്ചിമേഷ്യയിലേയും ഗള്‍ഫ് മേഖലയിലേയും മുഴുവന്‍ രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും പൂര്‍ണമായി അംഗീകരിക്കപ്പെടണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.

അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബെയ്ജിങ്ങില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാനെതിരായ ഇസ്രഈല്‍- യു.എസ് ആക്രമണങ്ങളില്‍ ഷി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി നാല് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്.

ലോകം കാടന്‍ നിയമത്തിന് കീഴില്‍ അകപ്പെടാതിരിക്കാന്‍ രാജ്യാന്തര നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കണമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഇറാനുമായി അടുത്ത നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ചൈന.

സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ ഉറച്ച് നില്‍ക്കണം, ദേശീയ പരമാധികാരത്തോടുളള ബഹുമാനം കാത്തുസൂക്ഷിക്കണം. വികസനം സുരക്ഷാ നിയമങ്ങള്‍ എന്നിവയ്ക്കിടയിലെ മികച്ച ഏകോപനം തുടങ്ങിയവയാണ് ഷിയുടെ നിര്‍ദേശങ്ങള്‍.

മേഖലയിലെ സംഘര്‍ഷത്തിന് ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യത്തെ പശ്ചിമേഷ്യന്‍ നേതാവാണ് നെഹ്യാന്‍. ട്രംപിന്റെ ഹോര്‍മുസ് ഉപരോധത്തിനെതിരെ ചൈനിസ് വിദേശകാര്യ മന്ത്രി രംഗത്തെത്തിയിരുന്നു.

അപകടകരവും നിരുത്തരവാദപരവുമായ യു.എസ് ഉപരോധം സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണിതെന്നും മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി.

ചൈന ഇറാന് സൈനിക പിന്തുണ നല്‍കുന്നുവെന്ന ആരോപണങ്ങളുടെ പേരില്‍ യു.എസ് തീരുവ വര്‍ധനയുമായി മുന്നോട്ട് പോയാല്‍ പ്രതികാര നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

Content Highlight: Four-point agreement for peace; Sovereignty of West Asian countries must be protected: China

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more