ഇംഫാല്‍: മണിപ്പൂരില്‍ അജ്ഞാതരുടെ വെടിയേറ്റ് നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. 72കാരിയായ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. മോങ്ജാങ് ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്.
താഹ്പി (48), സെയ്‌ഖോഗിന്‍ (34), ലെന്‍ഗൗഹാവോ (35), ഫാല്‍ഹിങ് (72) എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നാണ് വെടിയേറ്റതെന്നാണ് വിവരം.
ചുരാചന്ദ്പൂര്‍ പട്ടണത്തില്‍ നിന്ന് ഏകദേശം ഏഴ് കിലോമീറ്റര്‍ അകലെ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. നിലവില്‍ സംഭവസ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വെടിവെപ്പിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും ആക്രമണത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
കൂടാതെ ആക്രമണമുണ്ടായ പ്രദേശത്ത് നിന്ന് 12 ലധികം ഒഴിഞ്ഞ ഷെല്ലുകള്‍ കണ്ടെത്തിയതായി പൊലീസ് പ്രതികരിച്ചു. അക്രമികളുടെ കൈവശം ഉണ്ടായിരുന്നത് ഓട്ടോമാറ്റിക് ആയുധങ്ങളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
2023 മെയ് മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച ആഭ്യന്തര കലാപം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് കൊലപാതകം. അടുത്തിടെ മെയ്തെയ് സംഘടനയായ ആംരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിന്നാലെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു അധികൃതരുടെ വാദം. ഉത്തരവ് ലംഘിച്ചാല്‍ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ടായിരുന്നു.
നിലവില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം തുടരുകയാണ്. സംസ്ഥാനത്ത് ശമനമില്ലാതെ തുടരുന്ന സംഘര്‍ഷം നിയന്ത്രിക്കാനാവാതെ വന്നതോടെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
Content Highlight: Four people killed in Manipur shooting by unidentified assailants