| Sunday, 11th May 2025, 5:36 pm

പയ്യോളിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലറും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.

മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ഷിഗന്‍ലാല്‍ അഴിയൂര്‍ സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്.

ഇന്ന് മൂന്നരയോട് കൂടിയാണ് വടകര ദേശീയ പാതയിലെ മൂരാട് പാലത്തിന് സമീപം രണ്ട് വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചത്. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് പുറത്തിറങ്ങുകയായിരുന്ന കാര്‍ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറില്‍ ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ ഉണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറഞ്ഞത്. നിലവില്‍ ഇവരുടെ മൃതദേഹം വടകര സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രാവലറിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികള്‍ക്കും പരിക്കുണ്ട്. ഇവര്‍ നിലവില്‍ വടകര ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍പ്പെട്ട ട്രാവലര്‍ അമിത വേഗത്തില്‍ ആയിരുന്നെന്നും ഇത് എതിര്‍ദിശയിലെ കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Content Highlight: Four people die in a car-traveler collision in Payyoli

We use cookies to give you the best possible experience. Learn more