| Thursday, 17th September 2026, 6:10 pm

കാരിക്കാംമുറി ഷണ്മുഖനും, ദായ്‌റയും, ഓട്ടം തുള്ളലും, ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; നാളെ റിലീസിന് നാല് ചിത്രങ്ങള്‍

അശ്വിന്‍ രാജേന്ദ്രന്‍

നല്ല ചിത്രങ്ങള്‍ ഒട്ടനവധി ലഭിച്ച വര്‍ഷമാണ് മലയാളത്തെ സംബന്ധിച്ച് 2026. ഇതില്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രങ്ങളും ഒട്ടനവധിയാണ്. 300 കോടി നേടിയ ബെത്‌ലഹേമും, 200 കോടി കടന്ന വാഴ 2വും ദൃശ്യം 3യും, നൂറ് കോടി കടന്ന ആട് 3യും അടക്കം മലയാള സിനിമയില്‍ വലിയ വിജയങ്ങള്‍ ഒട്ടനവധിയായിരുന്നു. വലിയ ഹൈപ്പില്ലാതെ എത്തി തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടിയതിന് പിന്നാലെ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വും ബെത്‌ലഹേം കുടുംബ യൂണിറ്റും സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ ഊര്‍ജമായിരുന്നു സമ്മാനിച്ചത്.

ഈ പ്രതീക്ഷയില്‍ നാല് മുന്‍നിര ചിത്രങ്ങളാണ് നാളെ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രകാശ് വര്‍മ നായകനാകുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍, സംഗീത് പ്രതാപ് നായകനാകുന്ന ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍, വിഷ്ണു ഉണ്ണികൃഷ്ണനും വിജയ രാഘവനും പ്രധാനവേഷത്തിലെത്തുന്ന ഓട്ടംതുള്ളല്‍, പൃഥ്വിരാജും കരീന കപൂറും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ദായ്‌റ എന്നിവയാണ് സെപ്റ്റംബര്‍ 18 (നാളെ) റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍.

ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: District

കൂട്ടത്തില്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായ ചിത്രമായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തില്‍ പ്രകാശ് വര്‍മ നായകനാകുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍. ചിത്രത്തില്‍ മമ്മൂട്ടിയും കാമിയോ റോളിലെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ചിത്രം സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കാരിക്കാംമുറി ഷണ്മുഖന്‍ എന്ന താരത്തിന്റെ ക്ലാസിക് കഥാപാത്രത്തിന്റെ റീ എന്‍ട്രി ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനോടകം പുറത്തുവന്ന ട്രെയ്‌ലര്‍, ചിത്രം ഒരു ട്രോള്‍ മെറ്റീരിയലാക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

കൂട്ടത്തില്‍ പലരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ് സംഗീത് പ്രതാപ് നായകനായെത്തുന്ന ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. ഒരു സൂപ്പര്‍ ഹീറോ എലമെന്റുമായി തിയേറ്ററുകളിലെത്തുന്ന ചിത്രം സര്‍പ്രൈസ് ഹിറ്റടിക്കുമെന്നാണ് പ്രതീക്ഷ. നവാഗതനായ ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ദായ്‌റ. Photo: District

വിഷ്ണു ഉണ്ണികൃഷ്ണന്‍, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ടിനി ടോം തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ഓട്ടംതുള്ളല്‍ സംവിധാനം ചെയ്യുന്നത് ജി. മാര്‍ത്താണ്ഡനാണ്. ഫാമിലി കോമഡി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തിന് പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചാല്‍ ഹിറ്റടിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

Content Highlight: Four movies to release in Malayalam including Prithviraj Starrer Daayra

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more