| Thursday, 25th September 2025, 7:59 am

കേന്ദ്രത്തിന്റെ അധികാരപ്രയോഗത്തിനെതിരായ മുന്നേറ്റം; ലഡാക്ക് പ്രക്ഷോഭത്തില്‍ നാല് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലേ: ലഡാക്കിലേത് കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരായ മുന്നേറ്റം. 2019 ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെയാണ് ലഡാക്ക് എന്ന കേന്ദ്രഭരണ പ്രദേശം രൂപീകരിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച ലഡാക്കിലെ ജനത പിന്നീട് തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തുകയായിരുന്നു.

കേന്ദ്രത്തിന്റെ അധികാരപ്രയോഗത്തില്‍ വീര്‍പ്പുമുട്ടിയ ലഡാക്ക് ജനത ബി.ജെ.പിക്ക് മറുപടി നല്‍കിയത് തെരഞ്ഞെടുപ്പിലൂടെയാണ്. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ലഡാക്കില്‍ വിജയം കൈവരിച്ച ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജമ്മു കശ്മീരില്‍ കേന്ദ്രം നിയമസഭാ നടത്താന്‍ തീരുമാനിച്ചതോടെ ലഡാക്ക് ജനതയിലുണ്ടായ അമര്‍ഷമാണ് ഇന്നലെ (ബുധന്‍) വന്‍ പ്രക്ഷോഭമായി പൊട്ടിപ്പുറപ്പെട്ടത്.

പ്രക്ഷോഭത്തിനിടെ നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനപദവി ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ഏറ്റുമുട്ടലില്‍ 50ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ അപെക്‌സ് ബോഡി ലേയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സുമാണ് കേന്ദ്രത്തിനെതിരെ തെരുവിലിറങ്ങിയത്. ലഡാക്കിലെ ബുദ്ധമതക്കാരും കാര്‍ഗിലിലെ മുസ്‌ലിങ്ങളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

നിലവില്‍ ലഡാക്കില്‍ നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ നാല് മണിയോടെ ലഡാക്കിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു. ലഡാക്കിന് സംസ്ഥാന പദവിയും ഷെഡ്യൂള്‍ ആറില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

വാങ്ചുക്കിന്റെ ചില പരാമര്‍ശങ്ങള്‍ ആളുകളെ പ്രകോപിപ്പിച്ചതായും മന്ത്രാലയം പ്രതികരിച്ചു. അതേസമയം കഴിഞ്ഞ 15 ദിവസമായി സമാധാനപരമായി നിരാഹാരത്തില്‍ തുടരുന്ന സോനം വാങ്ചുക്ക് ലഡാക്കിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് സമാധാനത്തിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരുന്നു.

അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വാങ്ചുക്ക്, പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അഞ്ച് വര്‍ഷത്തോളമായി തൊഴില്‍രഹിതരായ യുവാക്കളാണെന്നും പ്രതിഷേധം ലക്ഷ്യത്തിന് ദോഷം ചെയ്യുമെന്നും പറഞ്ഞിരുന്നു. സമാധാന പാതയെക്കുറിച്ചുള്ള തന്റെ സന്ദേശം പരാജയപ്പെട്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

നൂറുകണക്കിന് ആളുകളാണ് ഇന്നലെ ഉച്ചയോടെ ലഡാക്കില്‍ പ്രതിഷേധമുയര്‍ത്തിയത്. ബി.ജെ.പി ഓഫീസ് കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു. പൊലീസ് ജീപ്പ് കത്തിക്കുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രതിഷേധത്തിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് ജമ്മു കശ്മീര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എസ്.പി. വൈദിന്റെ ആരോപണം. ലേയിലെ പ്രദേശത്തിന് കാരണക്കാര്‍ ജെന്‍ സി അല്ലെന്നും കോണ്‍ഗ്രസാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ബി.ജെ.പി എം.പി സംബിത് പത്ര അവകാശപ്പെട്ടു.

അതേസമയം സെപ്റ്റംബര്‍ 20ന് ലഡാക്കി നേതൃത്വവുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല. ഇതിനിടെ ഒക്ടോബര്‍ ആറിന് ചര്‍ച്ചയ്ക്കിരിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിലപാട്.

Content Highlight: Four killed in Ladakh Protest

We use cookies to give you the best possible experience. Learn more