| Friday, 18th September 2026, 9:57 pm

ലെ ക്ലാസിക്... ഓ ക്ലാസിക്കോ... 4 ലീഗ്, 4 മാച്ച്, നാല് ഡെര്‍ബി; സ്റ്റേഡിയങ്ങള്‍ക്ക് തീ പിടിക്കുന്ന ഞായര്‍!!!

ആദർശ് എം.കെ.

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഞായറാണ് വരാനിരിക്കുന്നത്. ഫുട്‌ബോള്‍ വൈരത്തിന്റെ ആവേശമുള്‍ക്കൊള്ളുന്ന നാല് ഡെര്‍ബികള്‍ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

സ്പാനിഷ് ലീഗായ ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയാണ് ഇതില്‍ ആദ്യം. മാഡ്രിഡിലെ റിയാദ് എയര്‍ മെട്രോപൊളിറ്റിയാനോ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം അത്‌ലെറ്റിക്കോ മാഡ്രിഡ് ചിരവൈരികളായ റയല്‍ മാഡ്രിഡിനെ നേരിടും.

ബാഴ്‌സലോണയ്‌ക്കെതിരായ എല്‍ ക്ലാസിക്കോ പോലെ ലോകമെമ്പാടുമുള്ള ആരാധകര്‍ നെഞ്ചേറ്റുന്ന മത്സരമാണ് മാഡ്രിഡ് ഡെര്‍ബിയും. മാഡ്രിഡിന്റെ ഫുട്‌ബോള്‍ പാരമ്പര്യം പേറുന്ന ഏറ്റുമുട്ടലായതിനാല്‍ ഇരു ടീമുകളെ സംബന്ധിച്ചും മത്സരം വൈകാരികവുമാണ്.

ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബികളില്‍ മുന്‍തൂക്കം റയലിന് തന്നെയാണ്. ഇതുവരെ നടന്ന 178 മത്സരത്തില്‍ 92ലും വിജയിച്ചത് റയലാണ്. അത്‌ലറ്റിക്കോ മാഡ്രിഡ് 42 തവണ വിജയിച്ചപ്പോള്‍ 44 മത്സരം സമനിലയിലും അവസാനിച്ചു. മാഡ്രിഡ് ഡെര്‍ബികളില്‍ റയല്‍ 307 ഗോളും അത്‌ലറ്റിക്കോ 233 ഗോളുകളും നേടിയിട്ടുണ്ട്.

ഫ്രഞ്ച് ലീഗിലെ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ തമ്മിലുള്ള ലെ ക്ലാസിക്കാണ് രണ്ടാമത്തേത്. ലീഗ് വണ്ണിലെ ഏറ്റവും ക്ലാസിക് റൈവല്‍റികളിലൊന്നില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പി.എസ്.ജി മുന്‍ ചാമ്പ്യന്‍മാരായ മാഴ്‌സെയെ നേരിടും. മാഴ്‌സെയുടെ ഹോം ഗ്രൗണ്ടാണ് വേദി.

സീസണില്‍ ഇതുവരെ കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കാത്ത ഇരുവരും തകര്‍പ്പന്‍ വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.

ലീഗ് വണ്ണില്‍ ഇരുവരും 93 തവണ നേര്‍ക്കുനേര്‍ വന്നു. പാരീസിയന്‍സ് 40 മത്സരം വിജയിച്ചപ്പോള്‍ 33 മാച്ചിലാണ് മാഴ്‌സെ വിജയം നേടിയത്. 20 മത്സരം സമനിലയിലും കലാശിച്ചു.

ലിഗ പോര്‍ച്ചുഗലില്‍ രാജ്യത്തെ ഫുട്‌ബോള്‍ ടൈറ്റന്‍സ് കൊമ്പുകോര്‍ക്കുന്ന ഓ ക്ലാസിക്കോയില്‍ എഫ്.സി പോര്‍ട്ടോ ബെന്‍ഫിക്കയെ നേരിടും. പോര്‍ട്ടോയുടെ ഹോം സ്‌റ്റേഡിയമാണ് വേദി.

നിലവിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടമെന്ന പ്രത്യേകതയും മാച്ചിനുണ്ട്. കളിച്ച ആറില്‍ ആറിലും ജയിച്ച് 18 പോയിന്റുമായി പോര്‍ട്ടോ ഒന്നാമത് തുടരുമ്പോള്‍ അഞ്ച് ജയവും ഒരു സമനിലയുമാണ് ബെന്‍ഫിക്കയ്ക്കുള്ളത്. ഈ മാച്ചില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനവും ലക്ഷ്യം വെക്കാം.

ലിഗ പോര്‍ച്ചുഗലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത് 259 മത്സരത്തിലാണ്. ഇതില്‍ 93 തവണ ബെന്‍ഫിക്ക ജയിച്ചപ്പോള്‍ 103 മത്സരങ്ങളുടെ ഒടുവില്‍ ചിരിച്ചത് പോര്‍ട്ടോയായിരുന്നു. 63 മാച്ചുകളാണ് സമനിലയില്‍ അവസാനിച്ചത്.

സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പിലെ ഓള്‍ഡ് ഫേമാണ് ഇക്കൂട്ടത്തിലെ നാലാമത്തെ ഡെര്‍ബി മാച്ച്. ലീഗില്‍ ഏറ്റവും ലെഗസിയുള്ള സെല്‍റ്റിക്കും റേഞ്ചേഴ്‌സും തമ്മിലുള്ള പോരാട്ടം തീ പാറുമെന്നുറപ്പ്.

പോര്‍ട്ടോ vs ബെന്‍ഫിക്ക മത്സരമെന്നത് പോലെ നിലവിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരുമാണ് ഇവിടെയും ഏറ്റുമുട്ടുന്നത്. സെല്‍റ്റിക്കിന് ആറ് മത്സരത്തില്‍ നിന്നും 18 പോയിന്റും റേഞ്ചേഴ്‌സിന് ആറ് മത്സരത്തില്‍ നിന്നും 13 പോയിന്റുമാണുള്ളത്.

സ്‌കോട്ടിഷ് ലീഗില്‍ 343 തവണ ഇരുവരുമേറ്റുമുട്ടിയപ്പോള്‍ 119 തവണ സെല്‍റ്റിക്കും 130 മത്സരത്തില്‍ റേഞ്ചേഴ്‌സും വിജയിച്ചു. സമനിലയായത് 94 മത്സരങ്ങളും.

ലീഗിലെ മറ്റേത് മത്സരങ്ങളേക്കാള്‍ ആരാധകര്‍ക്ക് വീറും വാശിയും വന്നുനിറയുന്നത് ഡെര്‍ബികളില്‍ തന്നെയാണ്. പരമ്പരാഗാത വൈരികള്‍ക്ക് മേല്‍ വിജയം മാത്രമാകും ടീമുകളും ആരാധകരും ഒരുപോലെ ലക്ഷ്യമിടുന്നത്.

Content Highlight: Four countries. Four games. Four derbies

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more