| Monday, 19th May 2025, 2:43 pm

റൊണാള്‍ഡോയേ റാഞ്ചാന്‍ ബ്രസീലിയന്‍ ക്ലബ്ബ്; അല്‍ നസര്‍ വിടാന്‍ റോണോ, റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 934 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

കരിയറില്‍ 1000 ഗോള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് റോണോ നോട്ടമിടുന്നത്. നിലവില്‍ സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി കളിക്കുന്ന താരം 40ാം വയസിലും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന ക്ലബ് ലോകകപ്പില്‍ താരം കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അല്‍ നസറിന് ക്ലബ് ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കിലും റോണോയ്ക്ക് ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അല്‍ നസറുമായിട്ടുള്ള കരാര്‍ കഴിയുന്നതോടെ അടുത്തമാസം ക്ലബ്ബ് ലോകകപ്പിനായി ഫുട്‌ബോള്‍ ടീമുകള്‍ റൊണാള്‍ഡോയെ റാഞ്ചാന്‍ തയ്യാറെടുക്കുകയാണ്.

ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തയനുസരിച്ച് നാല് ബ്രസീലിയന്‍ ക്ലബ്ബുകളാണ് റോണോയ്ക്ക് വേണ്ടി മുന്‍ നിരയിലുള്ളതെന്നാണ് വിവരം. മാര്‍ക്കയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
യു.എസില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ബോട്ടാഫോഗോ, ഫ്‌ളമെംഗോ, ഫ്‌ളുമിനെന്‍സ്, പാല്‍മിറാസ് എന്നീ നാല് ബ്രസീലിയന്‍ ക്ലബ്ബുകളാണ് നിരയിലുള്ളത്.

മാത്രമല്ല കരാര്‍ കഴിയുന്നതോടെ ഇനി ക്ലബ്ബുമായി ക്രിസ്റ്റിയാനോ സഹകരിച്ചേക്കില്ല. മാത്രമല്ല ടീമിന് വേണ്ടി ഇതുവരെ ഒരു കിരീടം നേടാന്‍ റോണോയ്ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി താരത്ത് മികച്ച പ്രകടനവും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം മിന്നും താരമായ ലയണല്‍ മെസി മിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുകയാണ്. അടുത്തമാസം ജൂണ്‍ 14ന് അല്‍ അഹ്‌ലിക്കെതിരെ ക്ലബ്ബ് ഫുട്‌ബോളില്‍ മെസി തിരിച്ചെത്തുമെന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നതാണ്. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മെസിയുടെ തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Four Brazilians Football Clubs to acquire Cristiano Ronaldo

We use cookies to give you the best possible experience. Learn more