| Thursday, 28th August 2025, 11:35 am

അകത്തുനിന്ന് രക്ഷിക്കണേയെന്ന നിലവിളി; തമിഴ്‌നാട് വ്യവസായികളെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യവസായികളായ രണ്ട് തമിഴ്‌നാട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട കേസില്‍ നാലുപേര്‍ പിടിയില്‍.

നെയ്യാറ്റിന്‍കര സ്വദേശികളായ അഭിറാം, സാമുവല്‍ തോമസ്, ബിനോയ്, വിഷ്ണു എന്നിവരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫര്‍ എന്നിവരെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

ഉദിയന്‍കുളങ്ങരയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ ചങ്ങലയ്ക്കിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പാറശാല പൊലീസ് പുറത്തുനിന്ന് പൂട്ടിയ നിലയിലുള്ള വീട് കണ്ടെത്തി.

എന്നാല്‍ ഉള്ളില്‍ ഫാന്‍ കറങ്ങുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയില്‍ അകത്തുനിന്ന് രക്ഷിക്കണമെന്നുള്ള നിലവിളി കേള്‍ക്കുകയും, വാതില്‍ ചവിട്ടിപ്പൊളിച്ച് വ്യവസായികളെ മോചിപ്പിക്കുകയുമായിരുന്നു.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ ഇരുവരും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടയാളുടെ നിര്‍ദ്ദേശമനുസരിച്ച് വസ്തു ഇടപാടിനായി കൃഷ്ണഗിരിയില്‍ എത്തിയതായിരുന്നു.

എന്നാല്‍ പൊലീസ് വേഷത്തിലെത്തിയ ഒരു സംഘം കേരളത്തില്‍ കേസുണ്ട് എന്ന് പറഞ്ഞ് ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രാമധ്യേ 50 ലക്ഷം രൂപയും ആവശ്യപ്പെട്ട് പ്രതികള്‍ ഇവരെ മര്‍ദിച്ചതായും വ്യവസായികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അറസ്റ്റിലായ സാമുവല്‍ തോമസിന്റെ ബന്ധുവീടാണിത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ പൊലീസ് ഐഡി കാര്‍ഡുകള്‍, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്, തോക്ക് എന്നിവ കണ്ടെത്തി. വ്യവസായികളുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

Content Highlight: Four arrested in Tamil Nadu industrialists’ kidnapping case

We use cookies to give you the best possible experience. Learn more