ന്യൂഡല്‍ഹി: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍. 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ക്ലബ് മാനേജറേയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുന്‍കരുതലുകളില്ലാത്തത് ചൂണ്ടിക്കാട്ടി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.
ക്ലബ്ബ് ഉടമ, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ക്ലബ്ബിനുള്ളില്‍ പടക്കങ്ങള്‍ ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
പുറത്തേക്കുള്ള വഴികള്‍ കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗോവ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.
വടക്കന്‍ ഗോവയിലെ അര്‍പോറയിലെ പ്രമുഖ നിശാക്ലബായ ബിര്‍ച്ചിലിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ വിനോദ സഞ്ചാരികളും ക്ലബ് ജീവനക്കാരുമാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളുമുണ്ട്.
50 ഓളം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ ഗോവ മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്.