| Monday, 21st September 2026, 5:28 pm

1400 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ഭൂമി: അസമില്‍ അദാനിയുടെ പവര്‍ പ്ലാന്റിന് തറക്കല്ലിട്ടു

അഞ്ജു ചന്ദ്രന്‍

ഗുവാഹത്തി: അസമിലെ ധുബ്രിയില്‍ 1400 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ഭൂമിയില്‍ അദാനി പവര്‍ ലിമിറ്റഡിന്റെ താപനിലയത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തറക്കല്ലിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ പ്രദേശത്ത് നിന്നും 1400ലധികം ബംഗാളി വംശജരായ മുസ്‌ലിം കുടുംബങ്ങളെ അസം സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രഹ്‌മപുത്ര നദിയിലെ കനത്ത മണ്ണൊലിപ്പിനെ തുടര്‍ന്ന് വീടുകള്‍ നഷ്ട്ടപ്പെട്ട ആളുകളാണ് ഇവിടെ താമസിച്ചിരുന്നത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പദ്ധതിക്കായുള്ള അനുമതി തേടുന്നതിനായി അദാനി പവര്‍ ലിമിറ്റഡ് സമര്‍പ്പിച്ച രേഖകളില്‍ നിര്‍ദ്ദിശ്ട ഭൂമിയില്‍ ജനവാസ മേഖലകള്‍ ഇല്ലെന്നും അതിനാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു അവകാശവാദങ്ങളും നിലനില്‍ക്കുന്നില്ലെന്നുമാണ് പറയുന്നത്.

അതേസമയം കമ്പനിയുടെ ഈ വാദങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ട് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായാണ് 3200 മെഗാ വാട്ട് ശേഷിയുള്ള താപവൈദ്യുതി നിലയം നിര്‍മിക്കുന്നത്.

2016ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിരവധി ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നതായും അതില്‍ എട്ട് പേര്‍ വെടിയേറ്റ് മരിച്ചതായും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചാപ്പര്‍ റവന്യൂ സര്‍ക്കിളിലെ ചാരുബക്ര, ചിറകുട്ട, സന്തോഷ്പൂര്‍ ഗ്രാമങ്ങളിലാണ് താപനിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2025 ജൂലൈ മാസത്തിലാണ് 1157 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ താപനിലയത്തിന് വേണ്ടി പിടിച്ചെടുത്തത്.

ഭൂമി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള അസം പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്കും തുടര്‍ന്ന് അദാനി പവര്‍ ലിമിറ്റഡിനും നേരിട്ട് കൈമാറുകയായിരുന്നു.

ഇതേ തുടര്‍ന്ന് മുപ്പത് വര്‍ഷത്തോളമായി പ്രദേശത്ത് താമസിച്ചിരുന്ന പതിനായിരത്തോളം മുസ്‌ലിങ്ങളാണ് സര്‍ക്കാരിന്റെ നടപടിയില്‍ ഒഴിഞ്ഞുപോവേണ്ടി വന്നത്.

Content Highlights: Foundation stone laid for Adani power plant in Assam on land where 1,400 Muslim families were evicted.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more