| Saturday, 15th August 2026, 8:25 am

ഭക്ഷ്യയോഗ്യമല്ലെന്ന കണ്ടെത്തല്‍; ലോട്ടെ ചോക്കോ പൈയുടെ ഒരു ബാച്ച് നിരോധിച്ചു

നിഷാന. വി.വി

ഭോപ്പാല്‍: വിപണിയിലെത്തിയ ലോട്ടെ ചോക്കോ പൈയുടെ ഒരു ബാച്ച് തിരികെ വിളിച്ചു. സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ഈ ബാച്ചിന്റെ വില്‍പ്പനയും സംഭരണവും വിതരണവും നിരോധിച്ചിട്ടുണ്ട്.

അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ പ്രിസര്‍വേറ്റീവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്പന്നം നിരോധിച്ചത്. 670 ഗ്രാം പാക്കറ്റിലുള്ള ലോട്ട ചോക്കോ പൈ, ബാച്ച് നമ്പര്‍ NM10DC2 എന്ന ഉത്പന്നത്തിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2026 ഏപ്രില്‍ 10ന് നിര്‍മിച്ച ഈ ഉത്പന്നത്തിന്റെ കാലാവധി 2027 ഏപ്രില്‍ ഒമ്പത് വരെയാണ്. ദുര്‍ഗ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ശേഖരിച്ച സാമ്പിള്‍ പരിശോധനയിലാണ് ഉത്പന്നം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.

പിന്നാലെയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കിയത്. വിതരണക്കാര്‍, മൊത്തവ്യാപാരികള്‍, റീട്ടെയിലര്‍മാര്‍, എന്നിവര്‍ സ്റ്റോക്ക് വില്‍ക്കുന്നത് നിര്‍ത്തുകയും നിലവിലുള്ള ഉത്പന്നങ്ങള്‍ പ്രത്യേകം മാറ്റിവെക്കുകയും വേണമെന്നും അറിയിച്ചിട്ടുണ്ട്.

തിരിച്ചുവിളിക്കുന്ന ഉത്പ്പന്നങ്ങള്‍ വിവിധ വകുപ്പുകള്‍ പ്രകാരം നശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിരോധിച്ച ബാച്ച് വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം നിരോധനം ഏര്‍പ്പെടുത്തുന്നതിനായി ഫുഡ്‌സേഫ്റ്റി കമ്മീഷണറെയും ചെന്നൈയിലെ ഉത്പന്ന നിര്‍മാതാക്കളേയും ഔദ്യോഗികമായി വിവരം അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഈ പ്രത്യേക ബാച്ച് തിരിച്ചുവിളിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയതായും അധികൃതര്‍ പറഞ്ഞു.

Content Highlight: Found unfit for consumption; one batch of Lotte Choco Pie banned.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more