| Sunday, 27th July 2025, 7:58 am

ഇസ്രഈലിന്റെ യുദ്ധക്കുറ്റങ്ങൾക്ക് ഞാൻ സാക്ഷിയായി: മുൻ യു.എസ് സൈനികൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: സഹായം തേടിയെത്തിയ സാധാരണക്കാർക്ക് നേരെ ഇസ്രഈൽ സൈന്യം വെടിയുതിർക്കുന്നത് താൻ കണ്ടെന്ന് ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജി.എച്ച്.എഫ് ) തലപ്പത്ത് നിന്നും രാജിവച്ച ഒരു മുൻ യു.എസ് ആർമി സ്പെഷ്യൽ ഫോഴ്‌സ് ഓഫീസർ. ലെഫ്റ്റനന്റ് കേണൽ ആന്റണി അഗ്യുലാർ ആണ് വെളിപ്പെടുത്തലുമായെത്തിയത്.

കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ലെഫ്റ്റനന്റ് കേണൽ ആന്റണി അഗ്യുലാർ തന്റെ വെളിപ്പെടുത്തൽ നടത്തിയത്. നിരായുധരായ, പട്ടിണി കിടക്കുന്ന ഒരു സാധാരണ ജനതക്കെതിരെ ഇത്രയും ക്രൂരതയും അനാവശ്യവുമായ ബലപ്രയോഗവും നടത്തുന്നത് താൻ ഇതുവരെ മറ്റെവിടെയും കണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യു.എസ് ആർമിയുടെ ഗ്രീൻ ബെററ്റ്‌സിലെ ഉദ്യോഗസ്ഥനായ അഗ്വിലാർ, സഹായം കാത്തിരിക്കുന്ന നിരായുധരായ പട്ടിണി കിടക്കുന്ന ഫലസ്തീനികളുടെ നേരെ ഇസ്രഈലി സൈനികരും യു.എസ് കോൺട്രാക്ടർമാരും വെടിയുണ്ടകളും പീരങ്കികളും മോർട്ടാർ റൗണ്ടുകളും ടാങ്ക് ഷെല്ലുകളും ഉപയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു.

‘ഇസ്രഈൽ പ്രതിരോധ സേന നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങൾക്ക് ഞാൻ സാക്ഷിയായി എന്നതിൽ സംശയമില്ല. നിരായുധരായ സാധാരണക്കാർക്ക് നേരെ പീരങ്കിയും വെടിയുണ്ടകളും ടാങ്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കുന്നത് ഒരു യുദ്ധക്കുറ്റമാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ടി അവർക്കെതിരെ വെടിയുതിർക്കുന്നത് ഞാൻ കണ്ടു. ജി.എച്ച്.എഫിന്റെ ചുമതലയുള്ളവർ അനുഭവപരിചയമില്ലാത്തവരും പരിശീലനം ലഭിക്കാത്തവരുമാണ്. ഇത്രയും വലിയ തോതിൽ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്ന് അവർക്ക് ഒരു ധാരണയുമില്ല,’ അദ്ദേഹം പറഞ്ഞു.

സഹായ കേന്ദ്രത്തിൽ നിന്ന് പോകവേ മെർക്കാവ ടാങ്ക് സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയും ഒരു കാർ നശിപ്പിക്കുകയും ചെയ്ത ഒരു സംഭവം അദ്ദേഹം ഓർമ്മിച്ചു.

മാർച്ച് ആദ്യം ഇസ്രഈൽ ഗസയിലേക്കുള്ള മാനുഷിക സഹായം തടയുകയും മെയ് അവസാനം ജി.എച്ച്.എഫ് വഴി അപര്യാപ്തമായ അളവിൽ മാത്രം സഹായം നൽകാൻ തുടങ്ങുകയും ചെയ്തിരുന്നു. ഇത് ഗാസയിൽ വൻതോതിലുള്ള ക്ഷാമം ഉണ്ടാക്കി. ഗാസയിൽ ക്ഷാമം പടരുകയാണെന്ന് നൂറിലധികം മാനുഷിക സംഘടനകൾ മുന്നറിയിപ്പ് നൽകി.

വിപണികളിൽ നിന്ന് അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ അപ്രത്യക്ഷമാകുകയും ഗസയിൽ ജനങ്ങൾക്ക് അതിജീവിക്കാൻ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഇല്ലാതായിരിക്കുകയാണിപ്പോൾ. ഇതോടെ പട്ടിണിയും ക്ഷീണവും മൂലം ആളുകൾ തളർന്ന വീഴുന്ന കാഴ്ചകൾ ഗസയിലെ തെരുവുകളിൽ പതിവായി മാറിയിരിക്കുന്നു.

Content Highlight: Former US soldier tells BBC Israeli troops fired on civilians seeking aid

We use cookies to give you the best possible experience. Learn more