വാഷിങ്ടണ്‍: ഇന്ത്യക്കെതിരായ താരിഫ് വര്‍ധനവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍. ആഗോളതലത്തില്‍ അമേരിക്കയുടെ പ്രതിച്ഛായയാണ് നഷ്ടപ്പെടുന്നതെന്നും ട്രംപ് നടത്തുന്നത് വ്യാപാര ആക്രമണം ആണെന്നും സള്ളിവന്‍ പറഞ്ഞു. മാത്രമല്ല ട്രംപിന്റെ നടപടികള്‍ ചൈനയെയും ന്യൂദല്‍ഹിയെയും കൂടുതല്‍ അടുപ്പിക്കുമെന്നും ജെയ്ക്ക് മുന്നറിയിപ്പ് നല്‍കി.
‘ആഗോളതലത്തില്‍ അമേരിക്കന്‍ ബ്രാന്‍ഡുകള്‍ ശൗചാലയത്തിലാണ്. ഇന്ത്യയെ നോക്കൂ, ട്രംപ് അവര്‍ക്കെതിരെ വന്‍തോതിലുള്ള വ്യാപാര ആക്രമണം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ മറിച്ചാണ് ചിന്തിക്കുന്നത്. അമേരിക്കയ്ക്ക് എതിരായ് ഇനി ചൈനയോടൊപ്പം ഇരിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നത്,’ ബള്‍ക്കര്‍ പോഡ്കാസ്റ്റില്‍ ടിം മില്ലറോട് ജെയ്ക്ക് പറഞ്ഞു.
ചൈന ആഗോളതലത്തില്‍ ജനപ്രീതിനേടുമ്പോള്‍ നിരവധി യു.എസ് സഖ്യകക്ഷികളും പങ്കാളികളും ഇപ്പോള്‍ വാഷിങ്ടണിനെ തടസം സൃഷ്ടിക്കുന്നവരായിട്ടാണ് കാണുന്നതെന്നും, ഇന്ത്യ ഈ മാറ്റത്തിന്റെ ഒരു പ്രധാന ഉദാഹരണമാണെന്നും മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വര്‍ഷങ്ങളായി വാഷിങ്ടണും ന്യൂദല്‍ഹിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രത്യേകിച്ച് ചൈനയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍. എന്നാല്‍ ട്രംപിന്റെ താരിഫുകള്‍ ഇന്ത്യയുമായുള്ള ബന്ധത്തെ വഷളാക്കിയും അത് ഇന്ത്യയെ ചൈനക്കൊപ്പം ഇരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.
മാത്രമല്ല ട്രംപിന്റെ ഈ നടപടി വര്‍ഷങ്ങളോളം യു.എസ് താത്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് ജെയ്ക്ക് മുന്നറിയിപ്പു നല്‍കി.
‘നമ്മള്‍ കൂടുതല്‍ ആഴമേറിയതും സുസ്ഥിരമായ ബന്ധം ഉറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ താരിഫുകള്‍ കാരണം ഇന്ത്യ ഇപ്പോള്‍ ചൈനയുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നു,’അദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപിന്റെ തീരുവ നടപടി നിയമവിരുദ്ധമെന്ന് ഫെഡറല്‍ അപ്പീല്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക്കല്‍ ഫാക്റ്റ് എന്ന നിയമം ഉപയോഗിച്ചാണ് ട്രംപ് ഇന്ത്യ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതെന്നും, രാജ്യം അടിയന്തര സാമ്പത്തിക സാഹചര്യം നേരിടുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട നിയമമാണ് ഇതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ നിയമം ഉപയോഗിച്ച് ട്രംപ് ഏകപക്ഷീയമായ തീരുവ നടപ്പിലാക്കിയത് അധികാര ദുര്‍വിനിയോഗമാണെന്ന് ഫെഡറല്‍ അപ്പീല്‍സ് കോടതി പറഞ്ഞു.
Content Highlight: Former US National Security Advisor Jake Sullivan has strongly criticized President Donald Trump for increasing tariffs against India