ചെന്നൈ: ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണി വിട്ട് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ എ.ഐ.എ.ഡി.എം.കെ വിഭാഗം. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പനീര്‍ശെല്‍വത്തിന്റെ അപ്രതീക്ഷിത നീക്കം. മുന്നണിവിട്ട അദ്ദേഹം എം.കെ. സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെയുമായി സഖ്യത്തിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
മുന്നണിയില്‍ ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ടായെന്നും അതിനാലാണ് പുറത്തുവന്നതെന്നും പനീര്‍ശെല്‍വം അറിയിച്ചു. ഇന്ന് രാവിലെ പ്രഭാതനടത്തത്തിനിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി പനീര്‍ശെല്‍വം സംസാരിച്ചു. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് തന്റെ വിഭാഗം എന്‍.ഡി.എ വിടുകയാണെന്ന് അറിയിച്ചത്.
എ.ഐ.എ.ഡി.എം.കെ കേഡര്‍ റിട്രീവല്‍ കമ്മിറ്റി എന്നറിയപ്പെട്ടിരുന്ന ഒ.പി.എസ് വിഭാഗത്തിന്റെ അടുത്ത നീക്കം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയലോകം. സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെയിലേക്കാകും പോവുക എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തോടൊപ്പം സഖ്യമുണ്ടാക്കാനാണ് പനീര്‍ശെല്‍വം ശ്രമിക്കുന്നതെന്നും കരുതുന്നു.
ഏത് പാര്‍ട്ടിയുമായിട്ടാകും സഖ്യമുണ്ടാക്കുക എന്ന ചോദ്യത്തോട് എല്ലാം സമയമാകുമ്പോള്‍ അറിയിക്കുമെന്ന് പനീര്‍ശെല്‍വം പ്രതികരിച്ചു. തമിഴ്‌നാട്ടിലുടനീളം പ്രചരണം നടത്തി പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുക എന്നതാണ് പനീര്‍ശെല്‍വത്തിന്റെ ആദ്യനീക്കമെന്ന് കരുതുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം എന്താണെന്ന് യാത്രയിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.
കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ച സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് സംസ്ഥാനത്തിന് ലഭിക്കാത്തത്തിന്റെ പ്രതിഷേധം പനീര്‍ശെല്‍വം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.ഡി.എ മുന്നണിയില്‍ പൊട്ടിത്തെറിയുണ്ടെന്ന ചര്‍ച്ചകള്‍ സജീവമായത്. എടപ്പാടി പളനിസ്വാമി നയിക്കുന്ന എ.ഐ.എ.ഡി.എം.കെ വിഭാഗം തങ്ങളെ തഴയുന്നു എന്ന തോന്നല്‍ ഒരുപാട് കാലമായി പനീര്‍ശെല്‍വത്തിനുണ്ടായിരുന്നു.
അടുത്തിടെ തമിഴ്‌നാട് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിയെ കാണാന്‍ പനീര്‍ശെല്‍വം ശ്രമിച്ചെങ്കിലും കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിച്ചു. ഇതും പൊട്ടിത്തെറിക്ക് കാരണമായി. അധികാരത്തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു പനീര്‍ശെല്‍വം എ.ഐ.എ.ഡി.എം.കെ പിളര്‍ത്തി സ്വന്തം വിഭാഗം രൂപീകരിച്ചത്. എന്നാല്‍ അപ്പോഴും അദ്ദേഹം എന്‍.ഡി.എ. വിട്ടിരുന്നില്ല.
Content Highlight: Former Tamilnadu Chief Minister O Paneerselvam quits NDA