ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ശ്രീലങ്കന്‍ പേസര്‍ ചമിന്ത വാസ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഗില്ലായിരിക്കും നിര്‍ണായക താരമെന്ന് അദ്ദേഹം പറഞ്ഞു. ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ ഗില്ലിനെ പുറത്താക്കുക വളരെ ബുദ്ധിമുട്ടാണെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരമാണ് ശുഭ്മന്‍ ഗില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഗല്ലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലായിരിക്കും നിര്‍ണായക താരം. അദ്ദേഹത്തിന് മികച്ച ക്ഷമയുണ്ട്. ഒരിക്കല്‍ ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ ഗില്ലിനെ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, മികച്ചൊരു താരമാണ് അദ്ദേഹം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരമാണ് ശുഭ്മന്‍ ഗില്‍. ഗില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
വിരാടും രോഹിത്തും ടീമിലില്ലെങ്കിലും ഇന്ത്യയ്ക്ക് ഇപ്പോഴും മികച്ച പ്രതിഭകളുടെ ശക്തമായ നിരയുണ്ട്. അവസരങ്ങള്‍ക്കായി കാത്തിരിക്കുന്ന, മികച്ച പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്ന നിരവധി യുവതാരങ്ങളും വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാരും ഇന്ത്യക്കുണ്ട്,’ റെവ്‌സ്‌പോര്‍ട്‌സിനോട് ചമിന്ത വാസ് പറഞ്ഞു.
ശുഭ്മന്‍ ഗിൽ. Photo: BCCI/x.com
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. പരിശീലനത്തില്‍ പരിക്ക് പറ്റിയ ക്യാപ്റ്റന്‍ സന്നാഹ മത്സരത്തില്‍ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഗില്‍ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
പരമ്പരയ്ക്ക് മുന്നോടിയായുള്ള ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സായ് സുദര്‍ശന് പകരം സര്‍ഫറാസ് ഖാനാണ് സ്‌ക്വാഡില്‍ ഇടം നേടിയത്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍
Content Highlight: Former Sri Lankan pacer Chaminda Vaas praises Indian captain Shubman Gill