ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ 10ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കിരീട പോരാട്ടത്തില്‍ കാലിടറിവീണ മലയാളികളുടെ പ്രിയപ്പെട്ട ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.
2014, 2016, 2022 എന്നീ സീസണുകളിലാണ് ബ്ലാസ്റ്റേഴ്സ് കിരീട പോരിന് യോഗ്യത നേടിയിരുന്നത്. ഈ മൂന്ന് തവണയും കിരീടമെന്ന സ്വപ്നം കണ്ണീരില്‍ അവസാനിച്ചെങ്കിലും ചരിത്രത്തില്‍ ഒരുപിടി അവിസ്മരണീയ പോരാട്ടങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.
ഇക്കാലയളവിനുള്ളില്‍ ലോക ഫുട്‌ബോളിലെ തന്നെ പല ഇതിഹാസ താരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കടലിന് മുന്നില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളായ ദിമിതര്‍ ബെര്‍ബെറ്റോവ്, വെസ് ബ്രൗണ്‍, മുന്‍ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസ്, സെല്‍റ്റിക് എഫ്.സി താരം ഗാരി ഹൂപ്പര്‍, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് താരം ആരോണ്‍ ഹ്യുഗ്‌സ് തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.
പല താരങ്ങളും കേരളത്തില്‍ വന്നു പോയെങ്കിലും ഒരു താരത്തിന്റെ വരവ് മാത്രം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മറക്കാനിടയില്ല. വെറും 51 മിനിട്ട് മാത്രം ബ്ലാസ്റ്റേഴ്‌സിനായി കളിച്ച മുന്‍ സ്പാനിഷ് താരം കാര്‍ലോസ് മര്‍ച്ചേന. സ്‌പെയിനിനൊപ്പം 2008ല്‍ യൂറോ കപ്പും 2010ല്‍ ലോകകപ്പും നേടിയ താരമായിരുന്നു മര്‍ച്ചേന.
2014ലെ ആദ്യ സീസണില്‍ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ രണ്ടാം സീസണില്‍ കിരീടം നേടാന്‍ ബ്ലാസ്റ്റേഴ്സ് നടത്തിയ ഏറ്റവും വലിയ നീക്കമായിരുന്നു ലോകകപ്പ് ജേതാവായ മര്‍ച്ചേനയുടെ കേരളത്തിലേക്കുള്ള വരവ്. 2015 സീസണില്‍ കേരളത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ സൈനിങായിരുന്നു മര്‍ച്ചേനയുടേത്.
2014ല്‍ കണ്‍മുന്നില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ മര്‍ച്ചേനയുടെ വരവ് രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വലിയ കരുത്തുപകരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം മര്‍ച്ചേനക്ക് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാനായത്.
ഐ.എസ്.എല്ലില്‍ ദല്‍ഹി ഡൈനാമോസിനെതിരെയായിരുന്നു മര്‍ച്ചേനയുടെ അരങ്ങേറ്റം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ താരത്തിന് 51 മിനിറ്റുകള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജേഴ്‌സി അണിയാന്‍ ഭാഗ്യമുണ്ടായത്.
പ്രീ സീസണിലേറ്റ പരിക്കാണ് മര്‍ച്ചേനക്ക് തിരിച്ചടിയായത്. മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ബുദ്ധിമുട്ടുകളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി താരം സ്‌പെയ്‌നിലേക്ക് മടങ്ങുകയായിരുന്നു.
2002 മുതല്‍ 2011 വരെ സ്പാനിഷ് ടീമിനായി കളിച്ച മര്‍ച്ചേന 69 മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകളാണ് നേടിയിട്ടുള്ളത്. 2016ലായിരുന്നു താരം ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Content Highlight: Former Spain world cup winner Carlos Marchena’s chapter in Kerala Blasters