| Thursday, 15th May 2025, 11:42 am

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാനിയാര്? ഇനി മുതല്‍ ഗംഭീര്‍ മാത്രമെന്ന് മുന്‍ സെലക്ടര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് കൂടെ വിരമിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു യുഗത്തിന് തന്നെ തിരശീല വീഴുകയാണ്. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ടീമിലെ സീനിയര്‍ താരങ്ങള്‍.

ഒരു പുതിയ നിര ഇന്ത്യന്‍ മുഖങ്ങളായി മാറുന്നുവെന്നതിന് അപ്പുറം താര പരിവേഷമുള്ള കളിക്കാര്‍ കളമൊഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോള്‍ പുതിയ ഇന്ത്യന്‍ ടീമിന്റെ പ്രധാനിയാരെന്ന് തുറന്ന് പറയുകയാണ് മുന്‍ സെലക്ടര്‍മാരായ സാബ കരീമും ദേവാങ് ഗാന്ധിയും.

ഇന്ത്യന്‍ ടീമില്‍ ഇനി മുതല്‍ പ്രധാനി പരിശീലകന്‍ ഗൗതം ഗംഭീറാണെന്ന് ഇരുവരും പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയില്‍ സംസാരിക്കുകയായിരുന്നു സാബ കരീമും ദേവാങ് ഗാന്ധിയും.

പുതിയ ക്യാപ്റ്റനെയും ടീമിനെക്കുറിച്ചുള്ള ക്യാപ്റ്റന്റെ കാഴ്ചപ്പാടിനെയും ഗംഭീര്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് സാബ കരീം പറഞ്ഞു.

‘ഇപ്പോള്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ഗംഭീറാണ്. അദ്ദേഹം കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടിവരും. പുതിയ ക്യാപ്റ്റനെയും ടീമിനെക്കുറിച്ചുള്ള ക്യാപ്റ്റന്റെ കാഴ്ചപ്പാടിനെയും ഗംഭീര്‍ മനസ്സിലാക്കേണ്ടതുണ്ട്,’ സാബ കരീം പറഞ്ഞു.

ടീമിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഗംഭീറിന് വ്യക്തമായി അറിയാമെന്നും കളിക്കാരെ ശാക്തീകരിക്കുകയും ഡ്രസ്സിങ് റൂമില്‍ ലീഡേഴ്‌സിനെ സൃഷ്ടിക്കുകയും വേണമെന്നും ദേവാങ് ഗാന്ധി പറഞ്ഞു.

‘ടീമിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഗംഭീറിന് വ്യക്തമായി അറിയാം. എന്നിരുന്നാലും, കളിക്കാരെ ശാക്തീകരിക്കുകയും ഡ്രസ്സിങ് റൂമില്‍ ലീഡേഴ്‌സിനെ സൃഷ്ടിക്കുകയും വേണം. ഫോമിലല്ലാത്ത റിഷബ് പന്തിനെ അദ്ദേഹം പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ദേവാങ് ഗാന്ധി പറഞ്ഞു.

വളരെ അപ്രതീക്ഷിതമായാണ് വിരാടും രോഹിതും ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത് മെയ് ഒമ്പതിനും വിരാട് മെയ് 12നുമാണ് തങ്ങളുടെ പടിയിറക്കം അറിയിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

Content Highlight: Former Selectors Saba Karim and Devang Gandhi says Indian coach Gautham Gambhir is the most important person in Indian Cricket Team

We use cookies to give you the best possible experience. Learn more