2026ലെ മികച്ച ഫുട്ബോള്‍ താരത്തിന് നല്‍കുന്ന പ്രശസ്ത ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ ഇതിഹാസ താരം ലയണല്‍ മെസിയും നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ മെസി ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ ഇടം നേടിയതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്‌കോട്ടിഷ് താരം അലി മക്കോയിസ്റ്റ്.
മെസി ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ ഇടം നേടിയത് തന്നെ ദേഷ്യം പിടിപ്പിച്ചുവെന്നാണ് അലി മക്കോയിസ്റ്റ് പറഞ്ഞത്. മെസി ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ ഇടം നേടാന്‍ ഒരു അര്‍ഹതയുമില്ലെന്നും മുന്‍ സ്‌കോട്ടിഷ് സ്ട്രൈക്കര്‍ വിമര്‍ശിക്കുകയും ചെയ്തു. ടോക്ക് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അലി മക്കോയിസ്റ്റ്.
‘അത് എന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. മെസി അതിന് അര്‍ഹനല്ല. ഈ വര്‍ഷത്തെ മികച്ച താരത്തിന് നല്‍കുന്ന ബാലണ്‍ ഡി ഓര്‍ ആണിത്. മെസിക്ക് ഇതിന് മുമ്പും ബാലണ്‍ ഡി ഓര്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തിന് ലഭിക്കില്ല,’ അലി മക്കോയിസ്റ്റ് പറഞ്ഞു.
2026 ലോകകപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് മെസിയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്.
മെസി അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയും ചെയ്തിരുന്നു. 028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.
അര്‍ജന്റീനക്കായി ഐതിഹാസിക സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്‌പെയ്‌നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളില്‍ നിന്നും മെസി അടിച്ചുകൂട്ടിയത്.
Content Highlight: Former Scotland star criticizes Lionel Messi’s inclusion in 2026 Ballon d’Or nominations