| Friday, 23rd October 2026, 10:15 pm

എല്‍ ക്ലാസിക്കോയില്‍ ജയം റയലിന്, അവര്‍ ബാഴ്‌സയെ ശിക്ഷിക്കും; വമ്പന്‍ പ്രസ്താവനയുമായി മുന്‍ താരം

ആദർശ് എം.കെ.

വരാനിരിക്കുന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ ബാഴ്സലോണയ്ക്കെതിരെ റയല്‍ മാഡ്രിഡിന് വിജയം പ്രവചിച്ച് മുന്‍ ഡച്ച് മിഡ്ഫീല്‍ഡറും റയല്‍ മാഡ്രിഡ് താരവുമായ റഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട്.

ജോസെ മൗറീന്യോയുടെ കീഴിലുള്ള റയല്‍ മാഡ്രിഡ് ടീം ബാഴ്സലോണയെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ശിക്ഷിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. വിന്‍വിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡെര്‍ വാര്‍ട്ട്.

റഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട്

ഈ സീസണില്‍ ഇതുവരെ കളിച്ച ഒമ്പത് ലാ ലിഗ മത്സരങ്ങളും ജയിച്ച് ബാഴ്സലോണ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡ് ആറ് പോയിന്റുകള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തുമാണ് തുടരുന്നത്.

‘ഞാന്‍ റയല്‍ മാഡ്രിഡിന്റെ വിജയം പ്രതീക്ഷിക്കുന്നു. ബാഴ്സലോണ മികച്ച രീതിയില്‍ കളിക്കുന്നുണ്ടെങ്കിലും, കൗണ്ടര്‍ അറ്റാക്കുകളിലൂടെ അവര്‍ക്ക് പന്ത് നഷ്ടമാകുന്ന സാഹചര്യം റയല്‍ മാഡ്രിഡിന് വളരെ ഫലപ്രദമായി മുതലെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ ബാഴ്സലോണയെ ശിക്ഷിക്കും,’ അദ്ദേഹം പറഞ്ഞു.

രണ്ട് ടീമുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘റയല്‍ മാഡ്രിഡ് ഒരു വിന്നിങ് മെഷീനായി മാറിയിരിക്കുന്നു എന്നതാണ് വലിയ വ്യത്യാസമായി ഞാന്‍ കാണുന്നത്. കളിക്കാര്‍ മാനേജര്‍ക്ക് വേണ്ടി പോരാടുകയും കളിക്കളത്തിന്റെ ഓരോ ഇഞ്ചിലും തങ്ങളുടെ നൂറ് ശതമാനവും നല്‍കുകയും ചെയ്യുന്നു,’ റഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പാരിസ് സെന്റ് ജെര്‍മെനെതിരെ നേരിട്ട 4-2ന്റെ തോല്‍വി ബാഴ്സലോണയെ ബാധിക്കുമോ എന്ന ചോദ്യത്തിന് അതുണ്ടാകില്ല എന്നും മുന്‍ ലോസ് ബ്ലാങ്കോസ് താരം വ്യക്തമാക്കി.

‘ഇല്ല, പി.എസ്.ജിക്കെതിരായ തോല്‍വി ബാഴ്സലോണയെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും ഒരു പ്രധാന മത്സരത്തില്‍, പ്രത്യേകിച്ച് 4-2 പോലുള്ള വലിയ സ്‌കോറിന് തോല്‍ക്കുന്നത് ഒരിക്കലും നല്ലതല്ല. എന്നാല്‍ ഞായറാഴ്ചത്തെ മത്സരം തികച്ചും വ്യത്യസ്തമായിരിക്കും.

ബാഴ്സലോണ ഒരു പരിചയസമ്പന്നരായ ടീമാണ്, അവര്‍ സ്വന്തം മൈതാനത്ത് കളിക്കുന്നു, മാത്രമല്ല ഹോം ഗ്രൗണ്ടില്‍ വിജയിക്കാന്‍ ശീലിച്ചവരുമാണ്; അതിനാല്‍ അതൊരു ആവേശകരമായ മത്സരമായിരിക്കും,’ താരം കൂട്ടിച്ചേര്‍ത്തു.

ലാ ലിഗയില്‍ കളിച്ച ഒമ്പത് മത്സരത്തില്‍ ഒമ്പതിലും വിജയിച്ച ബാഴ്‌സ ഒരു ചരിത്ര നേട്ടവും ലക്ഷ്യം വെക്കുന്നുണ്ട്. സ്വന്തം മണ്ണില്‍ റയലിനെ പരാജയപ്പെടുത്തിയാല്‍ ഒരു ലാ ലിഗ സീസണില്‍ ആദ്യ പത്ത് മത്സരവും വിജയിക്കുന്ന ആദ്യ ടീമെന്ന ചരിത്രത്തിലേക്കാകും കറ്റാലന്‍മാര്‍ നടന്നുകയറുക.

നിലവില്‍ ഒമ്പത് മത്സരങ്ങള്‍ വിജയിച്ച് അര നൂറ്റാണ്ടായി റയല്‍ കയ്യടക്കിയ നേട്ടത്തിലും ബാഴ്‌സ ഇടം പിടിച്ചിട്ടുണ്ട്.

1968-69 സീസണിലാണ് റയല്‍ ആദ്യ ഒമ്പത് മത്സരത്തിലും വിജയം സ്വന്തമാക്കിയത്.

ഈ സീസണിന് മുമ്പ് ലാ ലിഗയില്‍ ബാഴ്സയുടെ ഏറ്റവും മികച്ച വിജയത്തുടക്കം 2013-14 സീസണിലായിരുന്നു. അന്ന് കറ്റാലന്‍മാര്‍ ആദ്യ എട്ട് മത്സരങ്ങളില്‍ വിജയിക്കുകയും ഒസാസുനയോട് സമനിലയില്‍ പിരിയുകയുമായിരുന്നു.

Content Highlight:  Former Real Madrid star Rafael Van der Vaart claims Los Blancos will punish Barcelona in El Clásico

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more