രാജസ്ഥാന് റോയല്‍സില്‍ കളിച്ചിരുന്ന സമയത്തുള്ള സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് തുറന്ന് പറയുകയാണ് മുന്‍ രാജസ്ഥാന്‍ താരം യുസ്വേന്ദ്ര ചഹല്‍. സഞ്ജു തന്ന സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് തന്റെ പ്രകടന മികവ് ഉയര്‍ത്താന്‍ സഹായിച്ചതെന്ന് ചാഹല്‍ പറഞ്ഞു.
2022 സീസണില്‍ ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ സഞ്ജു നല്‍കിയ പ്രോത്സാഹനമാണ് തന്റെ ബൗളിങ്ങില്‍ വലിയ മാറ്റമുണ്ടാക്കിയതെന്നും നായകനെന്ന നിലയില്‍ സഞ്ജു ഒരിക്കലും അമിതമായി ബൗളിങ്ങില്‍ ഇടപെട്ടിരുന്നില്ലെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.
ചഹല്‍ രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുമ്പോള്‍
‘സഞ്ജു സാംസണ്‍ അസാധാരണ വ്യക്തിയാണ്. 2022ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ ചേര്‍ന്നപ്പോള്‍, സ്പിന്നര്‍മാര്‍ അപൂര്‍വമായി മാത്രമേ ഡെത്ത് ഓവറുകളില്‍ പന്തെറിയാറുള്ളൂവെങ്കിലും, അതിന് തയ്യാറാകാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. ക്യാമ്പ് മുഴുവന്‍ അതിനായി പരിശീലനം നടത്തി. ഒടുവില്‍ ആ സീസണില്‍ ഡെത്ത് ഓവറുകളില്‍ 14-15 വിക്കറ്റുകള്‍ നേടാന്‍ എനിക്ക് സാധിച്ചു. ആ വിശ്വാസമാണ് എന്റെ കളിയെ കൂടുതല്‍ മെച്ചപ്പെടുത്തിയത്.
സഞ്ജു ഒരിക്കലും അമിതമായി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല. ‘ഈ നാല് ഓവറുകള്‍ നിന്റേതാണ്. നിനക്ക് ഇഷ്ടമുള്ള രീതിയില്‍ പന്തെറിയൂ. ഫീല്‍ഡ് നീ തന്നെ ക്രമീകരിക്കൂ. ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ ഇടപെടൂ,’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്,’ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ചഹല്‍ പറഞ്ഞു.
2022ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് ചഹല്‍ എത്തിച്ചേര്‍ന്നത്. 2024ലെ സീസണിന് ശേഷമാണ് താരത്തെ ഫ്രാഞ്ചൈസി കൈവിട്ടത്. പിങ്ക് ആര്‍മിക്ക് വേണ്ടി 46 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്. 2022ല്‍ പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡറായിരുന്നു താരം. രാജസ്ഥാന് വേണ്ടി അരങ്ങേറ്റം നടത്തിയ വര്‍ഷം 27 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2024ല്‍ താരം റോയല്‍സിനൊപ്പമാണ് തന്റെ 200ാം ഐ.പി.എല്‍ വിക്കറ്റ് സ്വന്തമാക്കിയത്.
രാജസ്ഥാന് റോയല്‍സിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ബാറ്ററുമായിരുന്നു സഞ്ജു സാംസണ്‍. റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരം, ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം, ക്യാപ്റ്റനായി ഏറ്റവുമധികം മത്സരം കളിച്ച താരം, ക്യാപ്റ്റനായി ഏറ്റവുമധികം മത്സരം വിജയിപ്പിച്ച താരം തുടങ്ങി എണ്ണമറ്റ നേട്ടങ്ങളുമായി രാജസ്ഥാന്റെ ചരിത്രത്താളുകളില്‍ ഇടം നേടിയ താരമാണ് സഞ്ജു. ചഹല്‍ ടീമിലെത്തിയ വര്‍ഷം രാജസ്ഥാനെ ഫൈനലില്‍ എത്തിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.
2026ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവായിരുന്നു. ലോകകപ്പില്‍ മൊത്തം അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സെമി ഫൈനലിലും ഫൈനലിലും ഉള്‍പ്പെടെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അടക്കം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയതായ സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്.
Content Highlight: Former Rajasthan Spinner Yuzvendra Chahal Talking About Sanju Samson’s Captaincy