| Wednesday, 5th August 2026, 4:43 pm

സഞ്ജു ഒരിക്കലും അമിതമായി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല; മനസ് തുറന്ന് യുസ്വേന്ദ്ര ചഹല്‍

ശ്രീരാഗ് പാറക്കല്‍

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്ന സമയത്ത് സഞ്ജു സാംസണ്‍ താരങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് തന്റെ പ്രകടന മികവ് ഉയര്‍ത്താന്‍ സഹായിച്ചതെന്ന് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍.

2022 സീസണില്‍ ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ സഞ്ജു നല്‍കിയ പ്രോത്സാഹനമാണ് തന്റെ ബൗളിങ്ങില്‍ വലിയ മാറ്റമുണ്ടാക്കിയതെന്നും നായകനെന്ന നിലയില്‍ സഞ്ജു ഒരിക്കലും അമിതമായി ബൗളിങ്ങില്‍ ഇടപെട്ടിരുന്നില്ലെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.

ചാഹല്‍

‘സഞ്ജു സാംസണ്‍ അസാധാരണ വ്യക്തിയാണ്. 2022ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ ചേര്‍ന്നപ്പോള്‍, സ്പിന്നര്‍മാര്‍ അപൂര്‍വമായി മാത്രമേ ഡെത്ത് ഓവറുകളില്‍ പന്തെറിയാറുള്ളൂവെങ്കിലും, അതിന് തയ്യാറാകാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. ക്യാമ്പ് മുഴുവന്‍ അതിനായി പരിശീലനം നടത്തി. ഒടുവില്‍ ആ സീസണില്‍ ഡെത്ത് ഓവറുകളില്‍ 14-15 വിക്കറ്റുകള്‍ നേടാന്‍ എനിക്ക് സാധിച്ചു. ആ വിശ്വാസമാണ് എന്റെ കളിയെ കൂടുതല്‍ മെച്ചപ്പെടുത്തിയത്.

സഞ്ജു ഒരിക്കലും അമിതമായി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല. ‘ഈ നാല് ഓവറുകള്‍ നിന്റേതാണ്. നിനക്ക് ഇഷ്ടമുള്ള രീതിയില്‍ പന്തെറിയൂ. ഫീല്‍ഡ് നീ തന്നെ ക്രമീകരിക്കൂ. ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ ഇടപെടൂ,’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്,’ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ചാഹല്‍ പറഞ്ഞു.

സഞ്ജു സാംസണ്‍

2022ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് ചഹല്‍ എത്തിച്ചേര്‍ന്നത്. 2024ലെ സീസണിന് ശേഷമാണ് താരത്തെ ഫ്രാഞ്ചൈസി കൈവിട്ടത്. പിങ്ക് ആര്‍മിക്ക് വേണ്ടി 46 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്. 2022ല്‍ പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡറായിരുന്നു താരം. രാജസ്ഥാന് വേണ്ടി അരങ്ങേറ്റം നടത്തിയ വര്‍ഷം 27 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2024ല്‍ താരം റോയല്‍സിനൊപ്പമാണ് തന്റെ 200ാം ഐ.പി.എല്‍ വിക്കറ്റ് സ്വന്തമാക്കിയത്.

അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ബാറ്ററുമായിരുന്നു സഞ്ജു സാംസണ്‍. റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരം, ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം, ക്യാപ്റ്റനായി ഏറ്റവുമധികം മത്സരം കളിച്ച താരം, ക്യാപ്റ്റനായി ഏറ്റവുമധികം മത്സരം വിജയിപ്പിച്ച താരം തുടങ്ങി ഏണ്ണമറ്റ നേട്ടങ്ങളുമായി രാജസ്ഥാന്റെ ചരിത്രത്താളുകളില്‍ ഇടം നേടിയ താരമാണ് സഞ്ജു.

Content Highlight: Former Rajasthan spinner Yuzvendra Chahal is speaking about Sanju Samson’s captaincy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more