| Friday, 14th August 2026, 8:07 pm

ഷമിക്കും ഭുവനേശ്വറിനും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണം; തുറന്ന് പറഞ്ഞ് മുന്‍ രാജസ്ഥാന്‍ താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമെന്നും മുന്‍ രാജസ്ഥാന്‍ താരം നവ്ദീപ് സൈനി. രഞ്ജി ട്രോഫി കളിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതിന് വളരെയധികം അധ്വാനം ആവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടി.വിയിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഷമിയും ഭുവനേശ്വറും ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ട് അവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണം. അവര്‍ കഠിനമായി പരിശ്രമിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റ്, പ്രത്യേകിച്ച് രഞ്ജി ട്രോഫി കളിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് വളരെയധികം അധ്വാനം ആവശ്യമാണ്.

നവ്ദീപ് സൈനി

ഷമി ഭായി മികച്ച പ്രകടനമാണ് നടത്തുന്നത്. ഭുവി ഭായിയും ഐ.പി.എല്ലില്‍ നന്നായി കളിച്ചു. അദ്ദേഹം യു.പി.ടി-20 ലീഗിലും കളിക്കാന്‍ പോകുകയാണ്. അതിനാല്‍ ഇരുവര്‍ക്കും ഇന്ത്യന്‍ ടീമില്‍ ഒരു അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം,’ നവ്ദീപ് സൈനി പറഞ്ഞു.

സമീപകാലങ്ങളില്‍ മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി സെലക്ടര്‍മാരുടെ അവഗണനയാണ് നേരിടുന്നത്. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മിന്നും പ്രകടനങ്ങള്‍ നടത്തിയ ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഏഴ് മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമനായായിരുന്നു ഷമി ഫിനിഷ് ചെയ്തിരുന്നത്.

ഫെബ്രുവരിയില്‍ നടന്ന രഞ്ജി സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ നേടി ഷമി തിളങ്ങിയിരുന്നു. ഐ.പി.എല്ലില്‍ ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി 12 മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളും ഷമി നേടിയിട്ടുണ്ട്.

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യക്കായി ഏകദിനത്തില്‍ പന്തെറിഞ്ഞത്. 2023ലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഷമിയുടെ അവസാന റെഡ് ബോള്‍ മത്സരം. 2025ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ അവസാന ടി-20 മത്സരം.

2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്നാല്‍ 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

ഭുവനേശ്വർ കുമാർ. Photo: shebas/x.com

സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്.

2027 ഏകദിന ലോകകപ്പില്‍ ഇരു താരങ്ങള്‍ക്കും അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Former Rajasthan Pacer Navdeep Saini Talking About Muhammad Shami And Bhuvaneshwar Kumar

We use cookies to give you the best possible experience. Learn more