| Wednesday, 7th October 2026, 10:26 pm

ഭുവിയുടെ തിരിച്ചുവരവിന് യഥാര്‍ത്ഥ കാരണക്കാര്‍, പ്രായം വെറും നമ്പറാണെന്ന് തെളിയിച്ചവര്‍; ഇതിഹാസങ്ങളെ പ്രശംസിച്ച് സദഗോപന്‍ രമേശ്

ആദർശ് എം.കെ.

ന്യൂസിലന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മുതിര്‍ന്ന ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയതിന് കാരണം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണെന്ന് മുന്‍ താരം സദഗോപന്‍ രമേശ്.

പ്രായം വെറുമൊരു അക്കമാണെന്ന് വിരാടും രോഹിതും തങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ തെളിയിച്ചതാണ് ഭുവനേശ്വറിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് രമേശ് അഭിപ്രായപ്പെട്ടു.

സദഗോപന്‍ രമേശ്

2022ന് ശേഷം ആദ്യമായാണ് 36കാരനായ ഭുവനേശ്വര്‍ കുമാര്‍ രാജ്യാന്തര ടീമിലേക്ക് മടങ്ങിയെത്തുന്നത്.

2025, 2026 ഐ.പി.എല്‍ സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചാമ്പ്യന്മാരായപ്പോള്‍ തകര്‍പ്പന്‍ പ്രകടനമാണ് ഭുവി കാഴ്ചവെച്ചത്. 2026 സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കൊയ്ത രണ്ടാമത്തെ ബൗളറും അദ്ദേഹമായിരുന്നു.

തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയിലാണ് സദഗോപന്‍ രമേശ് ഭൂവിയുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചത്.

ഭുവനേശ്വര്‍ കുമാര്‍

‘നാല് വര്‍ഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചുവരിക എന്നത് അവിശ്വസനീയമാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന ശക്തമായ സന്ദേശം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും നല്‍കി. അതിലൂടെ ബി.സി.സി.ഐയുടെയും സെലക്ടര്‍മാരുടെയും ചിന്താഗതിയിലും വലിയ മാറ്റമുണ്ടായി.

പ്രായം തടസ്സമാണെന്ന് കരുതിയിരുന്ന സെലക്ടറുടെ പടിയിറക്കത്തിന് ശേഷം, സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധിച്ച സെലക്ഷന്‍ കമ്മിറ്റി ഭുവനേശ്വര്‍ കുമാറിലൂടെ പ്രായത്തെക്കാള്‍ പ്രകടനത്തിന് പ്രാധാന്യം നല്‍കി,’ അദ്ദേഹം പറഞ്ഞു.

‘ആര്‍.സി.ബി തുടര്‍ച്ചയായി കിരീടങ്ങള്‍ നേടിയപ്പോള്‍ ഭുവനേശ്വറിന്റെ ബൗളിങ്ങായിരുന്നു പ്രധാന കരുത്ത്. തന്റെ ‘ബനാന സ്വിങ്’ കൊണ്ട് അദ്ദേഹം എല്ലാ ബാറ്റര്‍മാരെയും വലച്ചു. കൃത്യമായ ഫിറ്റ്‌നസും ഫോമും അദ്ദേഹം നിലനിര്‍ത്തുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അതുകൊണ്ടാണ് ആരാധകര്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി സമ്മര്‍ദം ചെലുത്തിയത്, ഒടുവില്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭുവനേശ്വര്‍ കുമാര്‍. Photo: RCB

ഭുവി മികച്ച പ്രകടനം പുറത്തെടുത്താല്‍ അത് ഒരുപക്ഷേ മുഹമ്മദ് ഷമിക്കും ഇന്ത്യന്‍ ടീമിലേക്ക് വഴി തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രണ്ട് കാര്യങ്ങള്‍ കൊണ്ട് ഭുവനേശ്വര്‍ തന്റെ തിരിച്ചുവരവില്‍ മികച്ച പ്രകടനം നടത്തേണ്ടത് പ്രധാനമാണ്. ഒന്നാമതായി അദ്ദേഹം മികച്ച വൈദഗ്ധ്യമുള്ള ബൗളറാണ്. രണ്ടാമത്തെതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, തന്റെ ബൗളിങ്ങിലൂടെ പ്രായം വെറുമൊരു അക്കമാണെന്ന് ഭുവി തെളിയിച്ചാല്‍ അടുത്ത അവസരം ലഭിക്കുക മുഹമ്മദ് ഷമിക്കായിരിക്കും. ഷമിക്ക് മുന്നിലും വഴി തുറക്കപ്പെടും,’ സദഗോപന്‍ പറഞ്ഞു.

മുഹമ്മദ് ഷമി. Photo: BCCI/x.com

ഒക്ടോബര്‍ 22നാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഭുവനേശ്വര്‍ കുമാറിന് കളിക്കാന്‍ അവസരമൊരുങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Former player Sadagoppan Ramesh stated that the age-defying performances of Virat Kohli and Rohit Sharma paved the way for Bhuvneshwar Kumar’s comeback.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more