ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ നിന്നും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്ററുമായ സുബ്രഹ്മണ്യം ബദരീനാഥ്.
നായകന്‍, പരിശീലകന്‍, സെലക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ബുംറയെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ബുംറ അടുത്തിടെ ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇടതുകാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ലോര്‍ഡ്‌സില്‍ നടന്ന അവസാന ഏകദിനത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.
ജസ്പ്രീത് ബുംറ
തുടര്‍ന്ന് ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും, പൂര്‍ണമായി സുഖം പ്രാപിക്കാത്തതിനാല്‍ ധൃതിപിടിച്ച് കളിപ്പിക്കേണ്ടതില്ലെന്ന് ബി.സി.സി.ഐ മെഡിക്കല്‍ ടീം നിര്‍ദേശിക്കുകയായിരുന്നു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ ഇന്ത്യക്ക് ഇനി 9 പ്രധാനപ്പെട്ട ടെസ്റ്റ് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ ബുംറയെ ഏകദിന പരമ്പരയില്‍ കളിപ്പിക്കാന്‍ തീരുമാനിച്ച മാനേജ്‌മെന്റിന്റെ നിലപാടിനെയാണ് ബദരിനാഥ് ചോദ്യം ചെയ്യുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആരാണ് ഈ തീരുമാനമെടുത്തതെന്ന് എനിക്കറിയില്ല. സെന്റര്‍ ഓഫ് എക്‌സലന്‍സ് സെലക്ഷന്‍ നടത്താറില്ലല്ലോ? കളിക്കാരന്റെ ശാരീരികക്ഷമതയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുക മാത്രമാണ് സി.ഒ.ഇ ചെയ്യുന്നത്, അവര്‍ സെലക്ടര്‍മാരല്ല. നായകനും പരിശീലകനും സെലക്ടര്‍മാരുമാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്,’ അദ്ദേഹം പറഞ്ഞു.
ജസ്പ്രീത് ബുംറ
ഉടന്‍ തന്നെ പന്തെറിയാന്‍ ഇറങ്ങിയാല്‍ പരിക്ക് കൂടുതല്‍ ഗുരുതരമാകുമെന്ന ബി.സി.സി.ഐ മെഡിക്കല്‍ സംഘത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ബുംറയ്ക്ക് ദീര്‍ഘകാല വിശ്രമം വേണ്ടിവന്നേക്കും.
തുടര്‍ച്ചയായി പ്രധാന കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് ഇന്ത്യന്‍ ടീമിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. ബുംറയ്ക്ക് പുറമെ സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും പരിക്കുമൂലം ശ്രീലങ്കന്‍ പരമ്പര നഷ്ടമാകും.
ഇതോടൊപ്പം ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവരും നിലവില്‍ പരിക്കിന്റെ പിടിയിലാണ്.
ഇവരുടെ പരിക്കുകളെക്കുറിച്ചും ടീം മാനേജ്‌മെന്റിന്റെ ചുമതലയെക്കുറിച്ചും ബദരീനാഥ് സംസാരിച്ചു.
സുബ്രഹ്മണ്യം ബദരീനാഥ്.
‘ഇത്രയധികം പരിക്കുകള്‍ക്ക് കാരണം എന്താണെന്നതിന് ഒറ്റമൂലി ഉത്തരമൊന്നുമില്ല. പരിക്കുകളുടെ സ്വഭാവം പരിശോധിക്കേണ്ടതുണ്ട്. ഉയര്‍ന്ന തലത്തിലുള്ള കായിക മത്സരങ്ങളില്‍ പരിക്കുകള്‍ സ്വാഭാവികമാണ്.
സായ് സുദര്‍ശന് പന്ത് കൊണ്ട് പരിക്കേറ്റതാണ്. എന്നാല്‍ ബുംറയുടെ കാര്യത്തില്‍, തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ച്, അവനെ അമിതമായി ഉപയോഗിച്ചത് മൂലമുള്ള വിട്ടുമാറാത്ത പരിക്കാണ്. വാഷിങടണ്‍ സുന്ദറിന്റെ കാര്യമെടുത്താല്‍ ഫിറ്റ്‌നസ് അദ്ദേഹത്തിന്റെ കരുത്തല്ല, തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന സ്വഭാവമുള്ളയാളാണ്; അദ്ദേഹത്തിന്റെ ഫിറ്റ്‌നസില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കൃത്യമായ മാനേജ്‌മെന്റും നിരീക്ഷണവുമാണ് പ്രധാനം. പരിക്കുകള്‍ കളിയില്‍ സംഭവിക്കാവുന്നതാണ്, അത് തടയാനാകില്ല,’ മുന്‍ സി.എസ്.കെ താരം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ മത്സരങ്ങളും ശരിയായ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ അഭാവവുമാണ് ഇന്ത്യന്‍ താരങ്ങളുടെ പരിക്കിന് കാരണമെന്ന ചര്‍ച്ചകള്‍ ബദരീനാഥിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും സജീവമാവുകയാണ്.
Content Highlight: Former player S. Badrinath says the coach, captain, and management are responsible for Jasprit Bumrah’s injury.