ന്യൂസിസലാന്‍ഡ് പര്യടനത്തുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് ഇടംകയ്യന്‍ സ്പിന്നര്‍ മാനവ് സുതറിനെ ഒഴിവാക്കിയ തീരുമാനത്തില്‍ കടുത്ത നിരാശയും ആശ്ചര്യവും പ്രകടിപ്പിച്ച് മുന്‍ താരം മുരളി കാര്‍ത്തിക്.
സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളി കാര്‍ത്തിക്
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിന്റെ ഭാഗമായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമിലാണ് 24-കാരനായ മാനവ് സുതറിന് ഇടം ലഭിക്കാതെ പോയത്.
‘വളരെ തുറന്നു പറഞ്ഞാല്‍, എനിക്കിത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. കാരണം ടീം പ്രഖ്യാപനം കണ്ടപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഈ സീസണിലെ മികച്ച കണ്ടെത്തലാണ് മാനവ് സുതര്‍. പ്രത്യേകിച്ച് അശ്വിന് ശേഷം നമ്മള്‍ ഒരു ടെസ്റ്റ് മാച്ച് ബൗളറെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ചിലപ്പോള്‍ കുല്‍ദീപിനെ ടീമിലെടുക്കാതിരിക്കാന്‍ പറയുന്ന കാരണം അദ്ദേഹം മറ്റുള്ളവരെപ്പോലെ മികച്ച ബാറ്ററല്ല എന്നതാണ്. എന്നാല്‍ മാനവ് സുതര്‍ ബാറ്റിങ്ങിലും മികച്ചവനാണ്.
മാനവ് സുതര്‍. Photo: BCCI
ഇനി ബാറ്റിങ് കഴിവ് മാറ്റിവെച്ച് ചിന്തിക്കുക. ഞാന്‍ അദ്ദേഹത്തെ ഒരു ബാറ്ററായി പോലുമല്ല കാണുന്നത്. തീര്‍ച്ചയായും, ആധുനിക ക്രിക്കറ്റില്‍ ചെറിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരെ ആവശ്യമാണ്, ബാറ്റ് ചെയ്യാന്‍ അറിയാത്തവരെ ആരും ആഗ്രഹിക്കുന്നില്ല.
എന്നാല്‍ അതിനേക്കാളൊക്കെ പ്രധാനം, അടുത്ത കാലത്ത് നമ്മള്‍ കളിച്ച ടെസ്റ്റ് മത്സരങ്ങളില്‍ കാഴ്ചവെച്ച പ്രകടനത്തില്‍ ഏറ്റവും മികച്ച ബൗളര്‍ മാനവ് സുതാറായിരുന്നു എന്നതാണ്,’ മുരളി കാര്‍ത്തിക് പറഞ്ഞു.
‘അവനെ ടീമിലെടുക്കാത്തതില്‍ എനിക്ക് വലിയ അത്ഭുതമുണ്ട്. ഇതിന്റെ ലോജിക് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു അധിക കളിക്കാരനെക്കൂടി ടീമില്‍ കൊണ്ടുപോകാന്‍ കഴിയില്ല എന്നൊന്നുമില്ലല്ലോ. ഏറ്റവും പ്രധാനമായി, അദ്ദേഹം വിക്കറ്റ് വീഴ്ത്തുന്ന ബൗളറാണ്. കുല്‍ദീപ് യാദവും വിക്കറ്റ് വീഴ്ത്തുന്ന ബൗളറാണ്, എന്നാല്‍ കുല്‍ദീപിന്റെ കാര്യം തികച്ചും വ്യത്യസ്തമായ ഒന്നാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനവ് സുതര്‍
കളിച്ച ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 23 വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ തുടക്കം കുറിച്ച താരമാണ് മാനവ് സുതര്‍. ഇന്ത്യയുടെ അവസാന റെഡ് ബോള്‍ പര്യടനമായ ശ്രീലങ്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ സുതാര്‍, ലോവര്‍ ഓര്‍ഡറില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 79 റണ്‍സും നേടിയിരുന്നു.
എന്നാല്‍ കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരെയടങ്ങുന്ന മൂന്ന് സ്പിന്നര്‍മാരെ മാത്രമാണ് സെലക്ടര്‍മാര്‍ ടീമിലേക്ക് തിരഞ്ഞെടുത്തത്.
നേരത്തെ അവസാനിച്ച ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ വാര്‍വിക്‌ഷെയറിനായി കളിച്ച സുതര്‍, അവസാന മൂന്ന് മത്സരങ്ങളില്‍ നിന്നായി 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
പിന്നീട് ഇറാനി കപ്പിലും രഞ്ജി ട്രോഫി 2026-27 സീസണിന്റെ ആദ്യ റൗണ്ടിലും കളിച്ചെങ്കിലും ഈ രണ്ടു മത്സരങ്ങളില്‍ വിക്കറ്റുകളൊന്നും നേടാന്‍ താരത്തിന് സാധിച്ചില്ല.
Content Highlight: Former player Murali Kartik has criticized the exclusion of Manav Suthar from the squad for the New Zealand tour.