ടീമില്‍ ഇടം കിട്ടാത്തതിന്റെ നിരാശ കാരണമായിരിക്കും ചേതേശ്വര്‍ പൂജാര വിരമിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരം കര്‍സണ്‍ ഗവ്രി. പൂജാരയെ പോലെ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വിടവാങ്ങല്‍ മത്സരം അര്‍ഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഡ് ഡേയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘നിരാശ കാരണമായിരിക്കാം പൂജാര വിരമിച്ചത്. രാജ്യത്തിന് വേണ്ടി ഒരുപാട് മത്സരങ്ങള്‍ കളിച്ചതിന് ശേഷം അവസരം ലഭിക്കാതിരിക്കുമ്പോള്‍ ഏതൊരു താരത്തിനും നിരാശ തോന്നും. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഇതേ നിരാശ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും തോന്നിയിരിക്കാം.
ബി.സി.സി.ഐയ്ക്ക് പല പദ്ധതികളുമുണ്ടാവും, പക്ഷേ, താരങ്ങളാണ് അനുഭവിക്കുന്നത്. ഈ താരങ്ങള്‍ കോടികള്‍ അല്ല ചോദിക്കുന്നത്, ഇത് ബഹുമാനത്തെ കുറിച്ചാണ്. ഇവരെല്ലാവരും ഒരു വിടവാങ്ങല്‍ മത്സരം അര്‍ഹിച്ചിരുന്നു,’ ഗവ്രി പറഞ്ഞു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായ ചേതേശ്വര്‍ പൂജാര കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. ഏറെ കാലം റെഡ് ബോളില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വരാനും മാസങ്ങള്‍ക്ക് മുമ്പ് താത്പര്യം പ്രകടിപ്പിച്ച താരം അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പൂജാര ഇന്ത്യയ്ക്കായി ഈ ഫോര്‍മാറ്റില്‍ 103 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഈ മത്സരങ്ങളില്‍ 7,195 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 43.6 എന്ന മികച്ച ശരാശരിയിലായിരുന്നു താരം ബാറ്റ് ചെയ്തത്. കൂടാതെ ഈ ഫോര്‍മാറ്റില്‍ 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും പൂജാര തന്റെ കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, മെയ് മാസത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്നോടിയായിരുന്നു ഇരുവരും ടെസ്റ്റില്‍ നിന്ന് പടിയിറങ്ങിയത്.
Content Highlight: Former player Karson Ghavri says that Cheteswar Pujara may have retired out of frustration