| Wednesday, 12th August 2026, 8:15 am

നിന്നെ ദൈവമായി ആരാധിച്ചവര്‍ പോലും നിനക്കെതിരെ തിരിയും; സലയ്ക്ക് മുന്നറിയിപ്പുമായി ചെല്‍സി ഐക്കണ്‍

ആദർശ് എം.കെ.

ലിവര്‍പൂളില്‍ ഒമ്പത് വര്‍ഷത്തെ ഉജ്ജ്വല കരിയറിന് ശേഷം ടര്‍ക്കിഷ് ക്ലബ്ബായ ട്രാബ്‌സോണ്‍സ്‌പോറിലേക്ക് (Trabzonspor) ചേക്കേറിയ ഈജിപ്ഷ്യന്‍ ഇതിഹാസം മുഹമ്മദ് സലയ്ക്ക് മുന്നറിയിപ്പുമായി മുന്‍ ചെല്‍സി, ട്രാബ്‌സോണ്‍സ്‌പോര്‍ താരം ജോണ്‍ ഒബി മിക്കല്‍.

തുര്‍ക്കിയില്‍ ആയിരക്കണക്കിന് ആരാധകര്‍ വിമാനത്താവളത്തിലും സ്‌റ്റേഡിയത്തിലും ചേര്‍ന്ന് വന്‍ സ്വീകരണമാണ് സലാക്ക് നല്‍കിയതെങ്കിലും, മൈതാനത്തെ പ്രകടനം മോശമായാല്‍ ആരാധകര്‍ വളരെ പെട്ടെന്ന് തിരിയുമെന്നാണ് മിക്കല്‍ വ്യക്തമാക്കുന്നത്.

‘ട്രാബ്‌സോണ്‍സ്‌പോര്‍ വളരെ മികച്ചൊരു ക്ലബ്ബാണ്. അവിടെയുള്ള ആളുകള്‍ ഫുട്‌ബോള്‍ ശ്വസിച്ചു ജീവിക്കുന്നവരാണ്. അത് പൂര്‍ണമായും ഒരു ഫുട്‌ബോള്‍ നഗരമാണ്.

പുതിയ കളിക്കാരെ വരവേല്‍ക്കാന്‍ അവര്‍ എപ്പോഴും വിമാനത്താവളത്തില്‍ എത്താറുണ്ട്, എന്നാല്‍ ഇത്തവണ അത് തികച്ചും വ്യത്യസ്തമായിരുന്നു. സലയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്, അത് തികച്ചും ഭ്രാന്തമായ അന്തരീക്ഷമായിരുന്നു.

നിങ്ങള്‍ നന്നായി കളിക്കുകയും മത്സരങ്ങള്‍ ജയിക്കുകയും ചെയ്യുന്നിടത്തോളം കാലം ഈ നഗരത്തിലെ ആളുകള്‍ നിങ്ങളെ ദൈവത്തെപ്പോലെ ആരാധിക്കും. എന്നാല്‍ പ്രകടനം മോശമായാല്‍ അവര്‍ വളരെ പെട്ടെന്ന് നിങ്ങള്‍ക്ക് എതിരാകും. നിങ്ങള്‍ ആരാണെന്നോ എവിടെ നിന്ന് വരുന്നെന്നോ അവര്‍ നോക്കില്ല,’ മിക്കല്‍ പറഞ്ഞു.

സലയുടെ കരിയറിലെ പുത്തന്‍ നാഴികക്കല്ലില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരാനും മുന്‍ താരം മറന്നില്ല.

‘അദ്ദേഹത്തിനും കുടുംബത്തിനും അവിടെ സന്തോഷമായിരിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. കാരണം ഒരു കാര്യം ഉറപ്പാണ്, ആ നഗരത്തിനായി നന്നായി കളിച്ച് തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്താല്‍ അവര്‍ അദ്ദേഹത്തെ അളവറ്റ രീതിയില്‍ സ്‌നേഹിക്കും,’ മിക്കല്‍ കൂട്ടിച്ചേര്‍ത്തു.

ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി സ്വയം അടയാളപ്പെടുത്തിയ ശേഷമാണ് ഈജിപ്ഷ്യന്‍ കിങ് ആന്‍ഫീല്‍ഡില്‍ നിന്നും പടിയിറങ്ങിയത്. ചെങ്കുപ്പായക്കാര്‍ക്കായി 442 മത്സരങ്ങളില്‍ നിന്ന് 257 ഗോളുകള്‍ നേടിയിട്ടുണ്ട്.

മുഹമ്മദ് സല. Photo: Liverpool FC/x.com

ക്ലബ്ബിനൊപ്പം ഒരു ചാമ്പ്യന്‍സ് ലീഗും രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ എട്ട് പ്രധാന ട്രോഫികള്‍ നേടിയ ശേഷമാണ് അദ്ദേഹം ആന്‍ഫീല്‍ഡിലെ തന്റെ യാത്രയവസാനിപ്പിച്ചത്.

സൗദി പ്രോ ലീഗ് ക്ലബ്ബുകളില്‍ നിന്നും അമേരിക്കയിലെ എം.എല്‍.എസ് ടീമുകളില്‍ നിന്നും വലിയ തുക വാഗ്ദാനം ചെയ്ത വന്‍ ഓഫറുകള്‍ ഉണ്ടായിരുന്നിട്ടും സലാ സൗജന്യ ട്രാന്‍സ്ഫറിലൂടെ ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്പില്‍ തുടരുക എന്നതായിരുന്നു സലയുടെ പ്രധാന തീരുമാനം.

ട്രാബ്‌സോണ്‍സ്‌പോറിന്റെ ഹോം ഗ്രൗണ്ടായ പപ്പാര പാര്‍ക്ക് (Papara Park) സ്‌റ്റേഡിയത്തില്‍ നടന്ന ഗംഭീര ചടങ്ങിലാണ് ആരാധകര്‍ക്ക് മുന്നില്‍ സലാ ഔദ്യോഗികമായി കരാറില്‍ ഒപ്പുവെച്ചത്.

ഓഗസ്റ്റ് 15നാണ് ടര്‍ക്കിഷ് സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. അന്നേ ദിവസം തന്നെ ട്രാബ്‌സണ്‍സ്‌പോര്‍ കളത്തിലിറങ്ങുന്നുണ്ട്. ഇസ്താംബൂളിലെ റജബ് ത്വയ്യിബ് എര്‍ദോഗാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാസിംപാഷ എസ്.കെയാണ് എതിരാളികള്‍.

Content Highlight: Former player John Obi Mikel issues a warning to Mohamed Salah regarding his move to Trabzonspor.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more