| Tuesday, 8th September 2026, 10:56 am

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നത് വലിയൊരു ബഹുമതി; പ്രതികരണവുമായി ആശിഷ് നെഹ്‌റ

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നതുമായുള്ള ചര്‍ച്ചകളില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ താരം ആശിഷ് നെഹ്‌റ. ഇന്ത്യയുടെ പരിശീലകനാകുന്നത് വലിയൊരു ബഹുമതിയും അവസരവുമാണെന്നും എന്നാല്‍ അതിന് തനിക്ക് പ്രത്യേക താത്പര്യമില്ലെന്ന് ആശിഷ് നെഹ്‌റ പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്റെ അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെഹ്‌റ. മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനുള്ള അവസരം ലഭിച്ചാല്‍ ആദ്യം ഭാര്യയോട് ചോദിക്കേണ്ടിവരുമെന്നും നെഹ്‌റ തമാശയായി പറഞ്ഞു.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നത് വലിയൊരു ബഹുമതിയും അവസരവുമാണ്. ഒന്നാമതായി, എനിക്ക് അത്തരമൊരു ലക്ഷ്യമില്ല. ഞാന്‍ ഒരിക്കലും കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാറില്ല. തീര്‍ച്ചയായും, അത് വലിയൊരു ബഹുമതിയും അവസരവുമായിരിക്കും.

പക്ഷേ, അത്തരം കാര്യങ്ങള്‍ ഞാന്‍ ഒരിക്കലും പ്ലാന്‍ ചെയ്യാറില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇല്ല, അങ്ങനെയൊരു ലക്ഷ്യമില്ല. ഇപ്പോഴുള്ള നിലയില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. എനിക്ക് ഓഫര്‍ ലഭിച്ചാല്‍ ആദ്യം ഭാര്യയോട് ചോദിക്കും. കാരണം എട്ട് മുതല്‍ ഒമ്പത് മാസം വരെ യാത്ര ചെയ്യേണ്ടിവരും,’ നെഹ്‌റ പറഞ്ഞു.

നിലവില്‍ ഐ.പി.എല്‍ ടീം ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ് മുന്‍ ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ ആശിഷ് നെഹ്‌റ.

ആശിഷ് നെഹ്‌റ നിലവില്‍ പരിശീലകനുമാണ്. ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും ടി-20യിലും കളിച്ചിട്ടുള്ള നെഹ്‌റ 2017ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് പരിശീലക രംഗത്തേക്ക് എത്തിയ അദ്ദേഹം 2022ലെ ഐ.പി.എല്‍ സീസണ്‍ മുതല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു.

അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച നെഹ്റ, ഐ.പി.എല്ലില്‍ ടീമിന്റെ ഹെഡ് കോച്ചായി കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനെന്ന നേട്ടവും സ്വന്തമാക്കി.

2023ല്‍ ഗുജറാത്തിനെ വീണ്ടും ഫൈനലിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധേയരായ പരിശീലകരില്‍ ഒരാളാണ് അദ്ദേഹം. മാത്രമല്ല അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് നെഹ്‌റയ്ക്ക് ഓഫര്‍ ലഭിച്ചെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉണ്ടായിരുന്നു.

Content Highlight: Former player Ashish Nehra responds to discussions regarding becoming the Indian cricket team’s coach

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more