കൊച്ചി: ട്വന്റി 20 പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് നിത മോൾ. തെമ്മാടിത്തരത്തിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ രാജിവെക്കേണ്ടി വന്ന വ്യക്തിയാണ് താനെന്ന് നിത മോൾ പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 കടുത്ത മത്സരത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് മുന്‍ പ്രസിഡന്റിന്റെ വിമര്‍ശനം. ട്വന്റി 20യ്ക്ക് കീഴില്‍ നടക്കുന്നത് ഒരു ഏകാധിപത്യ ഭരണമാണെന്നും പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഭീമായ നഷ്ടമാണ് അവര്‍ ഉണ്ടാക്കുന്നതെന്നും നിത മോൾ പറയുന്നു.
‘ട്വന്റി 20 എന്ന പാര്‍ട്ടിയുടെ ശുദ്ധ തോന്നിവാസങ്ങള്‍ക്ക് അല്ലെങ്കില്‍ അഴിമതിയ്ക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്ന വ്യക്തിയാണ് ഞാന്‍. നമ്മുടെ പഞ്ചായത്തില്‍ 2025-26ലെ പോത്തുകുട്ടി വിതരണം നടത്തി. ഇതില്‍ ഭൂരിഭാഗം പോത്തുകുട്ടികളെയും ട്വന്റി 20ക്കാര്‍ അവരുടെ ആളുകള്‍ക്കാണ് കൊടുത്തിരിക്കുന്നത്. ശരിക്കും അവര്‍ ആളുകളെ പറ്റിക്കുകയാണ്,’ നിത മോൾ പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്ന് 3000 രൂപയ്ക്ക് പോത്തുകുട്ടികളെ കിട്ടും. ഈ വിലയ്ക്ക് അധികം പോത്തുകുട്ടികളെ നാല് പഞ്ചായത്തുകളിലായി എത്തിച്ച് സാമു എം. ജേക്കബ് ആളുകളെ പറ്റിക്കുകയാണെന്നും നിത കൂട്ടിച്ചേര്‍ത്തു.
ഇത്തവണ കൊച്ചി കോര്‍പ്പറേഷന് കീഴിലുള്ള 60 പഞ്ചായത്തുകളിലും നാല് മുന്‍സിപ്പാലിറ്റികളും ട്വന്റി 20 മത്സരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നിതയുടെ വിമര്‍ശനം.
അതേസമയം ഇത്തവണയും നീത മോളെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് നിത ജനവിധി തേടുന്നത്.
കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഭരിക്കുന്നത് ട്വന്റി 20യാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 19ല്‍ 17 സീറ്റ് നേടിയാണ് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണം പിടിക്കുന്നത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം നിലനിര്‍ത്തിയ ട്വന്റി 20 കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് എന്നീ പഞ്ചായത്തുകളും പിടിച്ചെടുത്തു.
Content Highlight: Former Panchayat President Nita Mol against Twenty20