ഐ.പി.എല്‍ കളിക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍ താരം മുഹമ്മദ് ആമിര്‍. ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷമാണ് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ ഇപ്പോള്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ യോഗ്യത നേടിയത്. ഇതോടെ 2027ലെ സീസണ്‍ മുതല്‍ ഓവര്‍സീസ് താരമായി ലീഗില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താരത്തിന് സാധിക്കും.
മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ കളിക്കാരെ ഐ.പി.എല്ലില്‍ നിന്ന് വിലക്കിയിടരുന്നു. 2008ലെ ഉദ്ഘാടന ഐ.പി.എല്‍ സീസണില്‍ ഷാഹിദ് അഫ്രീദി, ഷോയിബ് അക്തര്‍, ഷോയിബ് മാലിക്, സൊഹൈല്‍ തന്‍വീര്‍ എന്നിവരുള്‍പ്പെടെ നിരവധി പാകിസ്ഥാന്‍ താരങ്ങള്‍ പങ്കെടുത്തിരുന്നുവെങ്കിലും അതിനുശേഷം ഒരു പാകിസ്ഥാന്‍ കളിക്കാരനും ടൂര്‍ണമെന്റില്‍ ഇടം നേടിയിട്ടില്ല.
മുഹമ്മദ് ആമിര്‍
എന്നിരുന്നാലും ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷം മുന്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമൂദ് 2012 ലും 2013 ലും പഞ്ചാബ് കിങ്‌സിനെ പ്രതിനിധീകരിച്ചിരുന്നു. മഹമൂദ് പിന്നീട് 2015ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും കളിച്ചു.
ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൈവശം വച്ചിരുന്നതിനാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരനല്ല, ഇംഗ്ലീഷ് കളിക്കാരനായാണ് മഹമൂദ് ലീഗില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പാകിസ്ഥാന്‍ കളിക്കാരുടെ വിലക്ക് വകവയ്ക്കാതെ ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചു. മുഹമ്മദ് ആമിറിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുമെന്നാണ് കരുതുന്നത്.
മുഹമ്മദ് ആമിര്‍
പാകിസ്ഥാനില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരം ബ്രിട്ടന്‍ പൗരത്വമുള്ള നാര്‍ജിസ് ഖാനെയാണ് വിവാഹം കഴിച്ചത്. ഇതോടെ ആമിറിനും ബ്രിട്ടന്‍ പൗരത്വം ലഭിക്കുകയായിരുന്നു.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, ടി-20 ബ്ലാസ്റ്റ്, ഇന്റര്‍നാഷണല്‍ ലീഗ് ടി-20, ലങ്ക പ്രീമിയര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നീ ലീഗുകളില്‍ പങ്കെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ബ്രിട്ടീഷ് പൗരത്വം ലഭിച്ചതോടെ ഏറെക്കാലമായി ഐ.പി.എല്ലില്‍ കളിക്കന്‍ ആഗ്രഹിക്കുന്ന 34കാരനായ അമീര്‍ അടുത്ത സീസണില്‍ ലീഗില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് കരുതുന്നത്.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ പാകിസ്ഥാന് വേണ്ടി 60 ഇന്നിങ്‌സില്‍ നിന്ന് 81 വിക്കറ്റുകള്‍ ആണ് താരം നേടിയത്. ടെസ്റ്റിലെ 67 ഇന്നിങ്‌സില്‍ നിന്ന് 119 വിക്കറ്റുകള്‍ ആണ് ഇടംകയ്യന്‍ സ്വന്തമാക്കിയത്. ടി-20 ഫോര്‍മാറ്റില്‍ 357 ഇന്നിങ്‌സില്‍ നിന്ന് 425 വിക്കറ്റുകള്‍ ആമിറിന്റെ പേരിലുണ്ട്.
Content Highlight: Former Pakistan star Mohammad Amir is getting a chance to play in the IPL.