| Wednesday, 15th January 2025, 8:43 pm

കെ.എല്‍. രാഹുലല്ല, ചാമ്പ്യന്‍സ് ട്രോഫിയില്‍ അവനാകണം ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍; തെരഞ്ഞെടുത്ത് ബാസിത് അലി

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത മാസം നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം നേരിട്ട തിരിച്ചടികള്‍ക്കും പരമ്പര പരാജയങ്ങള്‍ക്കും ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലൂടെ മറുപടി നല്‍കാനാണ് രോഹിത് ശര്‍മയും സംഘവും ഒരുങ്ങുന്നത്.

ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്ത് ദുബായിലണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മിക്ക ടീമുകളും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ സ്‌ക്വാഡിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ റിഷബ് പന്തിനെ പ്രധാന വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തണമെന്നാണ് ബാസിത് അലി പറയുന്നത്.

സഞ്ജു സാംസണ്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാകണമെന്ന് പറഞ്ഞ ബാസിത് അലി, കെ.എല്‍. രാഹുലിന്റെ കാര്യത്തില്‍ സംശയമാണെന്നും അഭിപ്രായപ്പെട്ടു.

‘റിഷബ് പന്തായിരിക്കണം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. സഞ്ജു സാംസണാണ് എന്റെ സെക്കന്‍ഡ് ചോയ്‌സ്. എനിക്ക് തോന്നുന്നത് കെ.എല്‍. രാഹുലിന് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പമാകുമെന്നാണ്’

ബാസിത് അലിയുടേതിന് സമാനമായ അഭിപ്രായമാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്ങിനും ഉണ്ടായിരുന്നത്. അദ്ദേഹം തെരഞ്ഞെടുത്ത ഇന്ത്യന്‍ സ്‌ക്വാഡില്‍ റിഷബ് പന്തിനും സഞ്ജു സാംസണിനും സ്ഥാനം നല്‍കിയപ്പോള്‍ കെ.എല്‍. രാഹുലിനെ ഒഴിവാക്കുകയായിരുന്നു.

അതേസമയം, അന്താരാഷ്ട്ര ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം കുറിക്കാത്ത യശസ്വി ജെയ്സ്വാളിനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും അദ്ദഹം സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. 2023 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരും പരിക്കിനോട് പൊരുതി തിരിച്ചെത്തിയ മുഹമ്മദ് ഷമിയും ഹര്‍ഭജന്റെ സക്വാഡിലുണ്ട്.

2025 ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഹര്‍ഭജന്‍ സിങ്ങിന്റെ ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചഹല്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് എ-യിലെ മറ്റ് ടീമുകള്‍.

ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

Content Highlight: Former Pakistan star Basit Ali says Rishabh Pant should be India’s first choice wicket keeper in ICC Champions Trophy

We use cookies to give you the best possible experience. Learn more