| Wednesday, 6th August 2025, 2:32 pm

ജയിക്കാന്‍ ഇന്ത്യ ചതി നടത്തി; ഗുരുതര ആരോപണവുമായി മുന്‍ പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയ്ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരമ്പര സമനിലയിലെത്തിച്ചാണ് ഇന്ത്യ തിളങ്ങിയത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് തണലായവര്‍ പടിയിറങ്ങിയിട്ടും ജസ്പ്രീത് ബുംറയുടെ മുഴുവന്‍ സമയ സേവനം ലഭിക്കാതിരുന്നിട്ടും ഇന്ത്യ ഇംഗ്ലണ്ടില്‍ തോല്‍ക്കാതെ തലയുയര്‍ത്തി നിന്നു.

അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് ഇന്ത്യ സമനിലയിലെത്തിച്ചത്. അവസാന നിമിഷം വരെ ആരാധകരുടെ നെഞ്ചിടിപ്പിച്ച ഓവല്‍ ടെസ്റ്റിന്റെ അവസാന ദിവസത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടികളേറ്റുവാങ്ങി.

തോല്‍വി മുമ്പില്‍ കണ്ട ശേഷമായിരുന്നു ഓവലില്‍ ഇന്ത്യ വിജയം പിടിച്ചടക്കിയത്. ജോ റൂട്ടും ഹാരി ബ്രൂക്കും ക്രീസില്‍ തുടരവെ 73 റണ്‍സ് മാത്രം നേടിയാല്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ സാധിക്കുമായിരുന്നു, ഏഴ് വിക്കറ്റും ഇംഗ്ലണ്ടിന്റെ പക്കലുണ്ടായിരുന്നു. അവിടെ നിന്നുമാണ് സിറാജിന്റെയും പ്രസിദ്ധിന്റെയും ബൗളിങ് കരുത്തില്‍ ഇന്ത്യ വിജയിച്ചുകയറിയത്.

ഇപ്പോള്‍ പന്തില്‍ ഇന്ത്യ കൃത്രിമം കാണിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഷബീര്‍ അഹമ്മദ്. പന്തിന് തിളക്കം വരുത്താനായി ഇന്ത്യ വാസലിന്‍ ഉപയോഗിച്ചു എന്നാണ് തന്റെ എക്‌സ് പോസ്റ്റില്‍ ഷബ്ബിര്‍ അഹമ്മദ് ആരോപിക്കുന്നത്.

‘എനിക്ക് തോന്നുന്നത് 80 ഓവറുകള്‍ക്ക് ശേഷം ഇന്ത്യ വാസലിന്‍ ഉപയോഗിച്ചു എന്നാണ്. പന്ത് പുതിയത് പോലെ തിളങ്ങുന്നുണ്ടായിരുന്നു. അമ്പയര്‍ ഈ പന്ത് കൂടുതല്‍ പരിശോധനകള്‍ക്കായി ലാബിലേക്ക് അയക്കണം,’ ഷബ്ബിര്‍ അഹമ്മദ് പറഞ്ഞു.

അതേസമയം, അഞ്ചാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയും ഒരു സമനിലയുമായി 28 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. പോയിന്റ് ശതമാനമാകട്ടെ 46.67ഉം.

രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും തന്നെയാണ് ഇംഗ്ലണ്ടിനുള്ളതെങ്കിലും 26 പോയിന്റാണ് ടീമിനുള്ളത്. ലോര്‍ഡ്‌സില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രണ്ട് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടതോടെയാണ് ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് വീണത്.

ഓസ്‌ട്രേലിയയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് 36 പോയിന്റാണ് ഓസീസിനുള്ളത്. 100.00 എന്ന പോയിന്റ് ശതമാനവും ടീമിനുണ്ട്.

രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി 16 പോയിന്റോടെ ശ്രീലങ്കയാണ് രണ്ടാമത്. 66.67 ആണ് ലങ്കയുടെ പോയിന്റ് ശതമാനം.

പോയിന്റിന്റെയല്ല, പോയിന്റ് ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സ് നിര്‍ണയിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ എല്ലാ ടീമുകളും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും എന്നതിനാലാണിത്.

Content Highlight: Former Pakistan player Shabbir Ahmed accuses India for ball tampering

We use cookies to give you the best possible experience. Learn more