പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രാദേശിക പരിശീലകരോടും വിദേശ പരിശീലകരോട് വ്യത്യസ്തമായ സമീപനമാണ് കാണിക്കുന്നതെന്ന് മുന്‍ പാക് താരം മിസബ ഉള്‍ ഹഖ്. വിദേശ പരിശീലകരെ നിയമിക്കുന്നത് തെറ്റാണെന്ന് താന്‍ കരുതുന്നില്ലെന്നും വിദേശ പരിശീലകര്‍ക്ക് കൂടുതല്‍ അധികാരവും നിയന്ത്രണവും നല്‍കുന്നത് തെറ്റായ പ്രവണതയാണെന്നും മിസ്ബ പറഞ്ഞു.
‘പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പ്രാദേശിക പരിശീലകരോടും വിദേശ പരിശീലകരോടും വ്യത്യസ്തമായാണ് പെരുമാറുന്നതെന്നത് വസ്തുതയാണ്. വിദേശ പരിശീലകരെ അപേക്ഷിച്ച് പ്രാദേശിക പരിശീലകര്‍ക്ക് കൂടുതല്‍ പരിശോധനയും വിമര്‍ശനങ്ങളും നേരിടേണ്ടിവരുന്നു.
വിദേശ പരിശീലകരെ നിയമിക്കുന്നതില്‍ തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ എന്നെ അലട്ടുന്ന കാര്യം, നമ്മള്‍ (ആരാധകര്‍, വിമര്‍ശകര്‍, മാധ്യമങ്ങള്‍, പി.സി.ബി) വിദേശ പരിശീലകരോട് ഒരു മൃദുസമീപനം സ്വീകരിക്കുന്നുവെന്നതാണ്.
വിദേശ പരിശീലകര്‍ക്ക് കൂടുതല്‍ അധികാരവും നിയന്ത്രണവും നല്‍കുന്ന പ്രവണതയാണ് നമുക്കുള്ളത്. ടീം മോശമായി പ്രകടനം നടത്തിയാലും അവരെ താരതമ്യേന കുറച്ചേ ഉത്തരവാദികളാക്കാറുള്ളൂ. അതേസമയം, പ്രാദേശിക പരിശീലകര്‍ എപ്പോഴും എല്ലാവരുടെയും കടുത്ത പരിശോധനയും വിമര്‍ശനവും നേരിടേണ്ടിവരുന്നു,’
അടുത്ത കാലത്തായി മോശം അവസ്ഥയിലൂടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് മുന്നോട്ട് പോകുന്നത്. കോച്ചിങ് സ്റ്റാഫുകളെയും പെട്ടെന്ന് മാറ്റുന്നതും താരങ്ങളുടെ മോശം പ്രകടനവും ഉള്‍പ്പെടെ പാകിസ്ഥാന്‍ ക്രിക്കറ്റ് വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് പാക് ഹെഡ് കോച്ചായിരുന്ന സര്‍ഫറാസ് അഹമ്മദിനെ പദവിയില്‍ നിന്ന് നീക്കി. നിലവില്‍ ടീമിലെ വൈറ്റ് ബോള്‍ പരിശീലകനായ ന്യൂസിലാന്‍ഡുകാരന്‍ മൈക്ക് ഹെസന്‍ ടെസ്റ്റ് ടീമിന്റെയും താത്ക്കാലിക മുഖ്യ പരിശീലകനായി ചുമതലയേറ്റിരിക്കുകയാണ്.
ബൗളിങ് കോച്ചിലും പാകിസ്ഥാന്‍ മാറ്റം വരുത്തിയിട്ടുണ്ട്. അസിസ്റ്റന്റ് ബൗളിങ് കോച്ചായിരുന്ന ഉമര്‍ ഗുല്ലിനെ മാറ്റി പകരം മുന്‍ ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി നോഫ്‌കെയെ നിയമിച്ചു.
അതേസമയം പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് ആരംഭിക്കുന്നത്. എഡ്ജ്ബാസ്റ്റണിലാണ് വേദി.