2026 ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നാളെ (ഒക്ടോബര്‍ മൂന്നിന്) നടക്കുന്ന കലാശപോരാട്ടത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. സെമി ഫൈനലില്‍ ശ്രീലങ്കക്കെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ബംഗ്ലാദേശിനെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
എന്നാല്‍ മത്സരത്തിന് മുന്നോടിയായി മുന്‍ പാക് ക്യാപ്റ്റന്‍ ബാസിത് അലി സംസാരിച്ചിരുന്നു. ഇന്ത്യയെ തോല്‍പ്പിക്കുക അസാധ്യമാണെന്നും പാകിസ്ഥാനിലെ മുഴുവന്‍ ആളുകളും പ്രാര്‍ത്ഥിക്കുന്നത് നാളെ മഴ പെയ്യണമെന്നായിയിരിക്കുമെന്നും ബാസിത് അലി പറഞ്ഞു. മത്സരം കളിക്കാതെ തന്നെ സ്വര്‍ണമെഡല്‍ പങ്കിടുമ്പോള്‍ പിന്നെ മറ്റെന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ കളിക്കുന്ന രീതി നോക്കുമ്പോള്‍ അവരെ തോല്‍പ്പിക്കുക അസാധ്യമാണ്. ഞങ്ങളുടെ ടീമിനേക്കാള്‍ ഇന്ത്യ വളരെ ശക്തരാണ്. പാകിസ്ഥാനെ രക്ഷിക്കാനുള്ള ഏക മാര്‍ഗം നാളെ ദിവസം മുഴുവന്‍ മഴ പെയ്യുക എന്നതാണ്. അങ്ങനെ മത്സരം ഉപേക്ഷിക്കപ്പെടുകയും സ്വര്‍ണമെഡല്‍ ഇരു രാജ്യങ്ങളും പങ്കിടുകയും ചെയ്യും. നാളെ മഴ പെയ്യണമെന്നാണ് പാകിസ്ഥാനിലെ മുഴുവന്‍ ആളുകളും പ്രാര്‍ഥിക്കുന്നതെന്ന് ഞാന്‍ കരുതുന്നു.
ഇന്ത്യയോട് തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധാരണമായിക്കഴിഞ്ഞു. മത്സരം കളിക്കാതെ തന്നെ സ്വര്‍ണമെഡല്‍ ലഭിക്കുമ്പോള്‍ പിന്നെ മറ്റെന്താണ് വേണ്ടത്? കുറച്ച് മഴ പെയ്താല്‍ അത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഗുണകരമാകും,’ ബാസിത് അലി പറഞ്ഞു.
സെമി ഫൈനലില്‍ ശ്രീലങ്കക്കെതിരെ 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 9.5 ഓവറില്‍ 45 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തില്‍ നിലം പതിക്കുകയായിരുന്നു ലങ്ക. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. രണ്ട് റണ്‍ ഔട്ടുകളും ഇന്ത്യ നേടി.
ഇന്ത്യക്കായി ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയത് ഇഷാന്‍ കിഷനാണ്. 46 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടെ 80* റണ്‍സാണ് താരം സ്വന്തമാക്കിയത്. വൈഭവ് 21 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 38 റണ്‍സും നേടി മികവ് കാണിച്ചു.
Content Highlight: Former Pakistan Player Basit Ali Talking About India VS Pakistan Asian Games Final