ടി-20 ലോകകപ്പില്‍ നിന്നും ബംഗ്ലാദേശ് പിന്മാറിയതിന് പിന്നാലെ ഐ.സി.സിയെ വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. ഐ.സി.സിയുടെ നിലപാടില്‍ താന്‍ അങ്ങേയറ്റം നിരാശനാണെന്ന് അഫ്രീദി പറഞ്ഞു. 2025ല്‍ ചാമ്പ്യന്‍സ് ട്രോഫി സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തില്ലെന്ന് പറഞ്ഞത് ഐ.സി.സി അംഗീകരിച്ചെന്നും എന്നാല്‍ ഇതേ അവസ്ഥ ബംഗ്ലാദേശിന് വന്നപ്പോള്‍ ഐ.സി.സി അത് അംഗീകരിക്കുന്നില്ലെന്നും അഫ്രീദി എടുത്തുപറഞ്ഞു.
‘ബംഗ്ലാദേശിലും ഐ.സി.സി ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുള്ള ഒരു മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍, ഐ.സി.സിയുടെ നിലപാടില്‍ ഞാന്‍ അങ്ങേയറ്റം നിരാശനാണ്. 2025ല്‍ ചാമ്പ്യന്‍സ് ട്രോഫി സുരക്ഷാ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തില്ലെന്ന് പറഞ്ഞത് ഐ.സി.സി അംഗീകരിച്ചു. എന്നാല്‍ ഇതേ അവസ്ഥ ബംഗ്ലാദേശിന് വന്നപ്പോള്‍ ഐ.സി.സി അത് അംഗീകരിക്കുന്നില്ല.
സ്ഥിരതയും നീതിയുമാണ് ആഗോള ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ബംഗ്ലാദേശ് കളിക്കാരും അവരുടെ ദശലക്ഷക്കണക്കിന് ആരാധകരും ബഹുമാനം അര്‍ഹിക്കുന്നു – സമ്മിശ്ര മാനദണ്ഡങ്ങളല്ല. ഐ.സി.സി പാലങ്ങള്‍ പണിയണം, അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്,’ അഫ്രീദി എക്‌സില്‍ എഴുതി.
ലോകകപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ച ആവശ്യശങ്ങള്‍ പരിഗണിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തയ്യാറാകാതെ വന്നപ്പോഴാണ് കടുവകള്‍ അപെക്സ് ബോര്‍ഡിനോട് കലഹിച്ച് ലോകകപ്പില്‍ നിന്നും പിന്മാറിയത്.
ഇന്ത്യയില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്ന ആശങ്കയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും മുമ്പോട്ട് വെച്ചത്. ബംഗ്ലാദേശിന്റെ മത്സരങ്ങളെല്ലാം ലോകകപ്പിന്റെ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബി.സി.ബിയുടെ പ്രധാന ആവശ്യം.
എന്നാല്‍ ഇന്ത്യയില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണിയുമില്ലെന്ന സ്വതന്ത്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ ഐ.സി.സി ഈ ആവശ്യം നിഷ്‌കരുണം നിരാകരിക്കുകായിരുന്നു. ഐ.പി.എല്ലില്‍ നിന്ന് കൊല്‍ക്കത്ത താരവും ബംഗ്ലാദേശ് പേസറുമായ മുസ്തഫിസൂര്‍ റഹ്‌മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബി.സി.സി.ഐയും ബി.സി.ബിയും തമ്മില്‍ പ്രശ്‌നം രൂക്ഷമായത്.