| Wednesday, 12th March 2025, 12:10 pm

ബുംറയുടെ പരിക്കില്‍ ആശങ്ക, ഐ.പി.എല്ലും ഇംഗ്ലണ്ടിനോടുള്ള ടെസ്റ്റ് പരമ്പരയിലും ഇടവേളയെവിടെ; തുറന്ന് പറഞ്ഞ് ഷെയ്ന്‍ ബോണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുംറ ബാക് പെയ്ന്‍ കാരണം മത്സരത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിരുന്നു. ശേഷമുള്ള പരമ്പരകളില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ബുംറ കളിച്ചിരുന്നില്ല. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ താരം തിരിച്ചുവരുമെന്ന് കരുതിയെങ്കിലും പരിക്ക് മാറാത്തതിനാല്‍ താരത്തെ ഒഴിവാക്കുകയായിരുന്നു.

ഇനി ബുംറയുടെ മുന്നിലുള്ളത് 2025 മാര്‍ച്ച് 22ന് നടക്കാനിരിക്കുന്ന ഐ.പി.എല്ലാണ്. എന്നാല്‍ ഐ.പി.എല്ലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 20 മുതല്‍ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യയ്ക്ക് ഉണ്ട്. എന്നാല്‍ നിലവില്‍ ബി.സി.സി.ഐയുടെ സെന്‍ട്രല്‍ ഓഫ് എക്‌സലന്‍സില്‍ പുനരധിവാസത്തിന് വേണ്ടി ചികിത്സയിലിരിക്കുന്ന ബുംറയുടെ പരിക്കിനെക്കുറിച്ചും വിശ്രമത്തെക്കുറിച്ചും ആശങ്ക ഉന്നയിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരവും മുന്‍ മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ചുമായ ഷെയ്ന്‍ ബോണ്ട്.

‘സ്‌കാനിങ്ങിനായി അവന്‍ സിഡ്നിയിലേക്കായിരുന്നു പോയത്, അവന് ഉളുക്ക് സംഭവിച്ചെന്ന രീതിയിലുള്ള ചില സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. അത് ഉളുക്കല്ലെന്നും ആ ഭാഗത്ത് (പുറകില്‍) എല്ലിന് പരിക്കായിരിക്കാമെന്നും ഞാന്‍ ആശങ്കപ്പെട്ടു. അങ്ങനെയാണെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ കരുതി.

ടൂറുകളും മുന്നോട്ടുള്ള ഷെഡ്യൂളും നോക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ഇടവേള നല്‍കാനുള്ള അവസരങ്ങള്‍ എവിടെയാണ്, യഥാര്‍ത്ഥത്തില്‍ അപകടകരമായ കാലഘട്ടങ്ങള്‍ മുന്നിലുണ്ട്? പലപ്പോഴും ഐ.പി.എല്ലില്‍ നിന്ന് ടെസ്റ്റിലേക്ക് എത്തുമ്പോള്‍ ഒരു അപകടസാധ്യതയായിരിക്കും. പ്രത്യേകിച്ച് ടി-20യില്‍ നിന്ന് ടെസ്റ്റ് മത്സരത്തിലേക്ക് മാറുന്നിടത്തെല്ലാം അത് വെല്ലുവിളി നിറഞ്ഞതാണ്,’ ബോണ്ട് ഇ.എസ്.പി.എന്‍.ക്രിക്ഇന്‍ഫോയോട് പറഞ്ഞു.

അതേസമയം 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബായില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്.

Content Highlight: Former New Zealand Player Shane Bond Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more